ദില്ലി: പ്രതിപക്ഷ സഖ്യനീക്കങ്ങളിൽ കിങ്മേക്കറാകാൻ ലക്ഷ്യമിട്ട് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ കണ്ടു. ബിജെപി വിരുദ്ധ മുന്നണി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാക്കുന്നതുമായി ബന്ധപ്പെട്ട് എൻസിപി അധ്യക്ഷൻ ശരദ് പവാറിനെയും എൽജെഡി നേതാവ് ശരദ് യാദവിനെയും നായിഡു കണ്ടു. നാളെ അഖിലേഷ് യാദവടക്കമുള്ള നേതാക്കളെയും നായിഡു കണ്ടേക്കും.

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ഫെഡറൽ മുന്നണിക്കുള്ള നീക്കം സജീവമാക്കുന്നതിന് സമാന്തരമായാണ് ചന്ദ്രബാബു നായിഡുവും ചർച്ചകൾ നടത്തുന്നത്. മെയ് 23-ന് പ്രതിപക്ഷപാർട്ടികളുടെ സംയുക്ത യോഗം സോണിയാ ഗാന്ധി വിളിച്ചു ചേർത്തതിന് പിന്നാലെയാണ് ചന്ദ്രബാബു നായിഡുവിന്‍റെ ദില്ലിയിലെ കൂടിക്കാഴ്ചകൾ. ഇന്നലെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെയും ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‍രിവാളിനെയും നായിഡു കണ്ടു.

''ടിആർഎസ് എന്നല്ല, ബിജെപി വിരുദ്ധരായ ഏത് പാർട്ടിയെയും ഞങ്ങളുടെ മഹാസഖ്യത്തിലേക്ക് ഞങ്ങൾ സ്വാഗതം ചെയ്യുകയാണ്. മോദിക്കെതിരെ അത്തരമൊരു സഖ്യമാണ് ഉണ്ടാകേണ്ടത്'', തെലങ്കാന രാഷ്ട്രസമിതി നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖർ റാവു കോൺഗ്രസ് അടക്കമുള്ള മുന്നണിയുമായി സഹകരിക്കുമെന്ന വാർത്തകളോട് ചന്ദ്രബാബു നായിഡു പ്രതികരിച്ചതിങ്ങനെ. 

ഫെഡറൽ മുന്നണി നീക്കം ശക്തമാക്കി കെ ചന്ദ്രശേഖർ റാവു മുഖ്യമന്ത്രി പിണറായി വിജയനെയും, കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയെയും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെയും, ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിനെയും കണ്ടിരുന്നു. ആന്ധ്രാപ്രദേശിലെ പ്രതിപക്ഷ കക്ഷിയായ ജഗൻമോഹൻ റെഡ്ഡിയുടെ പിന്തുണയും റാവുവിനുണ്ട്. 

തമിഴ്‍നാട്, കേരളം, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിൽ നിന്ന് പിന്തുണ കിട്ടുകയും, സ്വന്തം നേതൃത്വത്തിൽ ഉത്തരേന്ത്യയിൽ നിന്നുള്ളതിനേക്കാൾ കൂടുതൽ സീറ്റുകൾ ദക്ഷിണേന്ത്യയിൽ നിന്ന് എതിർചേരിയിലേക്ക് എത്തിക്കാൻ കഴിയുകയും ചെയ്താൽ, മമതാ ബാനർജിക്കും മായാവതിക്കും ഉള്ളതുപോലുള്ള സാധ്യതകൾ കെസിആറിനും ചന്ദ്രബാബു നായിഡുവിനുമുണ്ടെന്നാണ് വിലയിരുത്തൽ. പക്ഷേ, ഈ മുന്നണി നീക്കത്തിൽ ആരാകും കിങ് മേക്കർ എന്നതാണ് ശ്രദ്ധേയമായ കാര്യം. അതിനാണ് ഇരുവരും ചരടുവലികൾ ശക്തമാക്കുന്നതും. 

കോൺഗ്രസല്ലാതെ ബിജെപി ഇതര മുന്നണിയിൽ നിന്ന് ഒരു പ്രധാനമന്ത്രിയുണ്ടാവുന്നതിനെ പാർട്ടി വലുതായി എതിർക്കില്ലെന്ന സൂചനകൾ ശക്തമാണ്. കോൺഗ്രസിന്‍റെ ആത്യന്തികലക്ഷ്യം ബിജെപിയെയും മോദിയെയും അധികാരത്തിൽ നിന്നകറ്റുക എന്നത് തന്നെയാണ്. പശ്ചിമബംഗാളിൽ നിന്ന് മമതാ ബാനർജിയോ, ഉത്തർപ്രദേശിൽ നിന്ന് മായാവതിയോ പ്രധാനമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടാൽ ഉപപ്രധാനമന്ത്രി പദം ദക്ഷിണേന്ത്യയിൽ നിന്നായേക്കും. 

തമിഴ്‍നാട്ടിൽ 39 ലോക്സഭാ സീറ്റുകളുണ്ട്. തെലങ്കാനയിൽ 17, ആന്ധ്രാപ്രദേശിൽ 25, കേരളത്തിൽ 20, കർണാടകത്തിൽ 28. എല്ലാം ചേർത്താൽ 129. ഉത്തർപ്രദേശിലെ 80 സീറ്റിനും പശ്ചിമബംഗാളിലെ 42 സീറ്റിനും ഏറെ മുകളിൽ. ഇത് തന്നെയാണ് കെസിആറിന്‍റെയും റാവുവിന്‍റെയും കണക്കുകൂട്ടലും. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.