Asianet News MalayalamAsianet News Malayalam

മുസ്ലീം വിരുദ്ധ പരാമര്‍ശം: ശ്രീധരന്‍പിള്ളയെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് വിലക്കണമെന്ന്  ചെന്നിത്തല

മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ച ശ്രീധരന്‍പിള്ളക്കെതിരെ  ഐപിസി 153ാം വകുപ്പ് പ്രകാരം കേസെടുക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

chennithala asked to take action against sreedharanpillai on his remark over muslims
Author
Thiruvananthapuram, First Published Apr 17, 2019, 8:30 PM IST

തിരുവനന്തപുരം: മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍  വിദ്വേഷ പരാമര്‍ശം നടത്തിയ ബി ജെപി  സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയെ ഇനിയുള്ള  തെരഞ്ഞെടുപ്പ് പ്രചരണപരിപാടികളില്‍ നിന്ന് വിലക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ്  ചെന്നിത്തല  സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.  

മത സ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ച ശ്രീധരന്‍പിള്ളക്കെതിരെ  ഐപിസി 153ാം വകുപ്പ് പ്രകാരം കേസെടുക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.  രാജ്യത്ത് ബിജെപി നേതാക്കളുടെ ഭാഗത്ത് നിന്ന് ഇത്തരത്തില്‍ നിരവധി തവണ വിദ്വേഷ പ്രസംഗങ്ങള്‍ ഉണ്ടായിട്ടുണ്ട്. ജനങ്ങളെ വര്‍ഗീയമായി വിഭജിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള  ബിജെപിയുടെ ശ്രമത്തിന്‍റെ ഭാഗമാണിത്. ബിജെപിയുടെ യഥാര്‍ത്ഥ മുഖമാണ് ഇതിലൂടെ പുറത്തു വരുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം വിവാദ പ്രസംഗത്തിന്‍റെ പേരിൽ  ശ്രീധരന്‍പിള്ളക്കെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഹൈക്കോടതി സർക്കാരിന്‍റെ വിശദീകരണം തേടി. മുസ്ലീങ്ങളെ അധിക്ഷേപിക്കുന്നതാണ് പ്രസംഗമെന്ന് ചൂണ്ടിക്കാട്ടി സിപിഎം നേതാവ് വി ശിവൻകുട്ടി നൽകിയ ഹർജിയിലാണ് നടപടി. പരാമര്‍ശം തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ശിവന്‍കുട്ടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

ആളുകളുടെ ജാതിയും മതവും നോക്കി പരിശോധിക്കുന്ന അവസ്ഥ വരുമ്പോൾ ഇസ്ലാം ആണെങ്കിൽ ചില അടയാളങ്ങൾ, ഡ്രസ് ഒക്കെ മാറ്റി നോക്കണമെന്നായിരുന്നു ശ്രീധരൻപിള്ള ആറ്റിങ്ങലില്‍ നടത്തിയ വിവാദ പരാമര്‍ശം. ആറ്റിങ്ങലില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ പ്രകടന പത്രിക പുറത്തിറക്കുന്നതിനിടെയിലായിരുന്നു പരാമര്‍ശം. 

Follow Us:
Download App:
  • android
  • ios