ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ലീൻ ചിറ്റ് നൽകിയതിലെ വിയോജിപ്പ് മിനിട്‍സിൽ രേഖപ്പെടുത്താത്തതിന് എതിരെ പരസ്യമായി രംഗത്തു വന്ന തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസയെ കുറ്റപ്പെടുത്തി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ. ഇത് ഒഴിവാക്കാമായിരുന്ന വിവാദമാണെന്നായിരുന്നെന്നും ഒരു വിഷയത്തിൽ ഏകാഭിപ്രായമുണ്ടാകണമെന്നില്ലെന്നും സുനിൽ അറോറ പറഞ്ഞു.

പദവിയിൽ ഇരിക്കുമ്പോൾ അഭിപ്രായ വ്യത്യാസം പരസ്യപ്പെടുത്താറില്ലെന്നും ലവാസയെ കുറ്റപ്പെടുത്തി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു. പെരുമാറ്റ ചട്ട ലംഘന പരാതികൾ പരിഗണിക്കുന്ന മുഖ്യ ഇലക്ഷൻ കമ്മീഷണർ സുനിൽ അറോറ അടങ്ങുന്ന മൂന്ന് അംഗ സമിതിയിലെ അംഗമാണ് ലവാസ.

വ്യത്യസ്ത അഭിപ്രായം യോഗത്തിനുള്ളിൽ പറഞ്ഞാലും അത് പരസ്യമാക്കാറില്ലെന്നും വിരമിച്ച ശേഷം പുസ്തകം എഴുതുമ്പോഴോ മറ്റോ  ആണ് ഇത്തരം അഭിപ്രായങ്ങൾ പുറത്ത് വന്നിട്ടുള്ളതെന്നും സുനിൽ അറോറയുടെ  പറഞ്ഞു. മുമ്പും സമിതി അംഗങ്ങൾക്കിടയിൽ ഭിന്നാഭിപ്രായം ഉണ്ടായിട്ടുണ്ടെന്നും ഒരു സമിതിയിലെ അംഗങ്ങൾ എപ്പോഴും ഒരേ അഭിപ്രായം തന്നെ ഒരു കാര്യത്തിൽ പറയണമെന്നില്ലെന്നും സുനിൽ അറോറ വ്യക്തമാക്കി. 

ഒരു തെരഞ്ഞെടുപ്പ് കാലത്ത് നിശബ്ദത പാലിക്കുകയെന്നത് എളുപ്പമല്ലെന്നും എന്നാൽ, അനവസരത്തിലുള്ള വിവാദങ്ങൾ ഉണ്ടാക്കുന്നതിനേക്കാൾ നല്ലത് നിശബ്ദനായിരിക്കുന്നതാണെന്നും സുനിൽ അറോറ കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി അധ്യക്ഷൻ അമിത്ഷായ്ക്കും എതിരായ പെരുമാറ്റ ചട്ട ലംഘന പരാതികളിൽ ഏകപക്ഷീയമായാണ് ക്ലീൻ ചിറ്റ് നൽകിയതെന്നായിരുന്നു അശോക് ലവാസയുടെ പ്രതിഷേധം. തന്‍റെ വിയോജനക്കുറിപ്പ് രേഖപ്പെടുത്താതെ തുടർന്നുള്ള യോഗങ്ങളിൽ പങ്കെടുക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ലവാസ.  

മോദിക്കും അമിത് ഷായ്ക്കും എതിരായ പരാതികളിൽ ക്ലീൻ ചിറ്റ് നല്കുന്നതിൽ ലവാസയ്ക്ക് വിയോജിപ്പ്‌ ഉണ്ടായിരുന്നു. യോഗത്തിൽ വിയോജിപ്പ്‌ രേഖപ്പെടുത്തിയിട്ടും അന്തിമ ഉത്തരവിൽ അത് ഉണ്ടായിരുന്നില്ലെന്നും ലവാസ പറഞ്ഞു. പ്രധാനമായും രണ്ട് പരാതികളിലാണ് അശോക് ലവാസ വിയോജിപ്പ് കാണിച്ചത്. ഒന്ന് ന്യൂനപക്ഷങ്ങൾക്ക് ഭൂരിപക്ഷമുള്ള മണ്ഡലമാണ് രാഹുൽ ഗാന്ധി മത്സരിക്കാൻ തെരഞ്ഞെടുത്തതെന്ന മോദിയുടെ പരാമർശത്തിലും രണ്ടാമതായി പുൽവാമയ്ക്ക് തിരിച്ചടി നൽകിയവർക്ക് വോട്ട് നൽകണമെന്ന പ്രസ്താവനയിലുമാണ് ലവാസ വിയോജിപ്പ് പ്രകടിപ്പിച്ചത്. 

ജനാധിപത്യ സംവിധാനത്തിന്‍റെ മറ്റൊരു കറുത്ത ദിനം കൂടി എന്നുള്ളതായിരുന്നു കോണ്‍ഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാലയുടെ പ്രതികരണം. ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ വിഭജിക്കുകയാണെന്ന് കോണ്‍ഗ്രസ്. 'ജനാധിപത്യത്തിലെ കറുത്ത ദിനമാണ് ഇപ്പോഴത്തേത്. 'ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകര്‍ക്കുന്നത് മോദി സര്‍ക്കാരിന്‍റെ മുഖമുദ്രയാണ്'  രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു. ബിജെപി നേതാക്കള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ ലവാസയുടെ വിയോജിപ്പ് കമ്മീഷന്‍ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ഈ തെരഞ്ഞെടുപ്പ് കാലത്ത് മോദിയ്ക്ക് ഒമ്പതാം തവണയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിവിധ പരാതികളിലായി ക്ലീൻ ചിറ്റ് നൽകുന്നത്. ഇത് പക്ഷപാതപരമായ നടപടിയാണെന്ന് കോൺഗ്രസ് നേരത്തെ തന്നെ ആരോപണമുന്നയിച്ചിരുന്നു. ഏറ്റവും അവസാനമായി രാജീവ് ഗാന്ധി അഴിമതിക്കാരനാണെന്ന വിവാദ പരാമർശത്തിലായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ മോദിയ്ക്ക് ക്ലീൻ ചിറ്റ് നൽകിയത്. മോദിക്കെതിരായി കോൺഗ്രസ് നൽകിയ പരാതിയും കമ്മീഷൻ തള്ളിയിരുന്നു. 

ഒന്നാം നമ്പർ അഴിമതിക്കാരനായാണ് രാജീവ് ഗാന്ധി ജീവിതം അവസാനിപ്പിച്ചതെന്ന മോദിയുടെ പരാമ‌ർശത്തിനെതിരെയായിരുന്നു, കോൺഗ്രസിന്‍റെ നിയമ നടപടി. പ്രധാനമന്ത്രി തുടർച്ചയായി പെരുമാറ്റച്ചട്ടം ലംഘിക്കുകയാണെന്നും എന്നാൽ ഇതിനെതിരെ നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകുന്നില്ലെന്നും കോൺഗ്രസ് ഹർജിയിൽ ആരോപിച്ചിരുന്നു. ബലാകോട്ട് മിന്നലാക്രമണത്തെ പരാമര്‍ശിച്ച് പ്രസംഗിച്ച സംഭവത്തിലും വോട്ടെടുപ്പ് ദിവസം അഹമ്മദാബാദിൽ റോഡ് ഷോ നടത്തിയെന്ന പരാതിയിലും മോദിയ്ക്ക് കമ്മീഷന്‍ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. 

എട്ടാമത്തെ പരാതിയില്‍ മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കുന്നതിനെ കമ്മീഷണർ അശോക് ലവാസ എതിർത്തിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പക്ഷാപാതപരമായ നിലപാടെടുക്കുന്നുവെന്ന് കോണ്‍ഗ്രസ് ആരോപണം ഉന്നയിക്കുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷണറുടെ വിയോജനക്കുറിപ്പ്. 

നരേന്ദ്രമോദി ചട്ടം ലംഘിച്ചില്ലെന്ന നിഗമനത്തിൽ എത്താനുള്ള കാരണം തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവിൽ ഇല്ലെന്ന് കോൺഗ്രസ് അഭിഭാഷകൻ മനു അഭിഷേക് സിംഗ്വി കോടതിയെ അറിയിച്ചിരുന്നു. ക്ലീൻ ചിറ്റ് നല്കാനുള്ള തീരുമാനത്തെ എതിര്‍ത്ത തെരഞ്ഞെടുപ്പ് കമ്മീഷണർമാരിൽ ഒരാളായ അശോക് ലവാസയെ തള്ളിയാണ് ഭൂരിപക്ഷ തീരുമാനപ്രകാരം ഉത്തരവ് തയ്യാറാക്കിയതെന്ന വിവരവും അന്ന് പുറത്തു വന്നിരുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷൻ നരേന്ദ്രമോദിക്കും അമിത്ഷായ്ക്കും വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് വിവിധ തലങ്ങളിൽ നിന്ന് വിവാദം ഉയരുന്നതിനിടെയാണ് അശോക് ലവാസയുടെ പ്രതിഷേധവും അതിനെ കുറ്റപ്പെടുത്തിയുള്ള സുനിൽ അറോറയുടെ വിശദീകരണവും.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.