തനിക്കെതിരായ വാട്സ് ആപ്പ് പ്രചരണത്തിന് പിന്നിൽ കെപി രാജേന്ദ്രൻ ആണോ എന്ന് അറിയില്ലെന്ന് തൃശൂര്‍ എംപി സിഎൻ ജയദേവൻ. 

തൃശൂര്‍: സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച സജീവ ചര്‍ച്ചകൾ നടക്കുന്നതിനിടെ സിറ്റിംഗ് എംപിയുടെ പ്രവര്‍ത്തനം സംബന്ധിച്ച വിമര്‍ശനങ്ങൾ വാട്സ് ആപ്പിൽ പ്രചരിപ്പിച്ചതിൽ അതൃപ്തി പ്രകടിപ്പിച്ച് തൃശൂര്‍ എംപി സിഎൻ ജയദേവൻ. സ്ഥാനാര്‍ത്ഥി പട്ടികയിലെ രണ്ടാം പേരുകാരൻ കൂടിയായ മുൻ മന്ത്രി കെപി രാജേന്ദ്രനാണ് വാട്സ്ആപ് മെസേജിന് പിന്നിലെന്നും ആക്ഷേപമുണ്ടായിരുന്നു. എന്നാൽ ഇത്തരമൊരു സന്ദേശം പ്രചരിപ്പിച്ചതിന് പിന്നിൽ കെപി രാജേന്ദ്രനാണോ എന്ന് അറിയില്ലെന്നാണ് സിഎൻ ജയദേവൻ പറയുന്നത്. എന്നാൽ സംഭവത്തിൽ അതൃപതിയുണ്ട് . പരാതി സിപിഐ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും സിഎൻ ജയദേവൻ പറയുന്നു. 

സിറ്റിംഗ് എംപിയെ ഒഴിവാക്കിയുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിൽ പരാതിയില്ലെന്നും സിഎൻ ജയദേവൻ പറഞ്ഞു. തന്നെക്കാളും കെപി രാജേന്ദ്രനേക്കാളും മികച്ച സ്ഥാനാര്‍ത്ഥിയാണ് രാജാജി മാത്യു തോമസ്. വൻ ഭൂരിപക്ഷത്തിൽ തൃശൂര്‍ മണ്ഡലത്തിൽ ജയിച്ച് കയറാവുന്ന സാഹചര്യം നിലവിലുണ്ടെന്നും സിഎൻ ജയദേവൻ വിലയിരുത്തി