ഇടുക്കി: ഉടുമ്പൻചോലയില്‍  കള്ളവോട്ട് നടന്നുവെന്ന് ആരോപിച്ച്  യുഡിഎഫ് നല്‍കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി ജില്ലാ കലക്ടര്‍. ഉടുമ്പൻചോല മണ്ഡലത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ രണ്ട് ബൂത്തുകളിൽ വോട്ട് ചെയ്‌തെന്ന യുഡിഎഫ് പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. 

ആരോപണ വിധേയനായ ഉടുമ്പന്‍ചോലയിലെ സിപിഎം പ്രവർത്തകൻ രഞ്ജിത് കുമാറിനെ വിളിച്ച് മൊഴിയെടുക്കും. ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയോ എന്നും അന്വേഷിക്കുമെന്ന് ഇടുക്കി കളക്ടർ എച്ച് ദിനേശൻ അറിയിച്ചു.

സിപിഎം പ്രവർത്തകർ വ്യാപകമായി കള്ളവോട്ട് ചെയ്തെന്ന ഇടുക്കി ഡിസിസി പ്രസിഡന്‍റെ ഇബ്രാഹിംകുട്ടി കല്ലാറിന്‍റെ പരാതിയിലാണ് നടപടി. അതേസമയം ആരോപണ വിധേയമായ പോളിംഗ് ബൂത്തുകളിൽ സിസിടിവി ക്യാമറകൾ ഇല്ലാതിരുന്നതിനാൽ അന്വേഷണം എത്രത്തോളം പ്രാവർത്തികമാകുമെന്ന ആശങ്കയിലാണ് യുഡിഎഫ്.