ആലപ്പുഴ: ആലപ്പുഴയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എഎം ആരിഫിനെതിരെ വര്‍ഗ്ഗീയ പ്രചരണം നടത്തുന്നുവെന്ന ആരോപണവുമായി എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയം ഉറപ്പിച്ചതിനാലാണ് എല്‍ഡിഎഫിന്‍റെ ഈ ആരോപണമെന്നാണ് യുഡിഎഫ് പറയുന്നത്. 

എഎം ആരിഫും ഷാനിമോള്‍ ഉസ്മാനും ഒരേ സമുദായത്തില്‍പ്പെട്ടതിനാല്‍ വര്‍ഗ്ഗീയ പ്രചാരണം ശക്തമായെന്നാണ് എല്‍ഡിഎഫിന്‍റെ ആരോപണം. ആരിഫ് തോറ്റാല്‍ ആലപ്പുഴയ്ക്കും അരൂരിനും അത് ഗുണമാകും എന്ന രീതിയിലാണ് വര്‍ഗ്ഗീയ പ്രചാരണം പുരോഗമിക്കുന്നതെന്ന് എല്‍ഡിഎഫ് കുറ്റപ്പെടുത്തുന്നു.

ഇടത് പക്ഷത്തെ പിന്തുണക്കുന്ന വിവിധ മതത്തിൽ പെട്ട വോട്ടർമാർക്കിടിയിൽ ആശയക്കുഴപ്പമുണ്ടാക്കുകയാണ് യുഡിഎഫ് ചെയ്യുന്നതെന്ന് എൽഡിഎഫ് ആരോപിക്കുമ്പോൾ തങ്ങള്‍ വര്‍ഗ്ഗീയ പ്രചരണം നടത്തുന്നില്ലെന്ന നിലപാടാണ് യുഡിഎഫിന്‍റേത്. തോൽക്കുമെന്ന ഭയം മൂലമാണ് എൽഡിഎഫ് അടിസ്ഥാന രഹിത ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് യുഡിഎഫ് ആരോപിക്കുന്നു.

സമൂഹമാധ്യമങ്ങളിലെ പ്രചരണത്തിനെതിരെയാണ് എല്‍ഡിഎഫ് പരാതി നല്‍കിയിരിക്കുന്നത്. ആരിഫിനെ എംഎല്‍എ ആയും ഷാനിമോള്‍ ഉസ്മാനെ എംപിയായും വേണം എന്ന് ചിലര്‍ പ്രചരിപ്പിക്കുന്നതായും എല്‍ഡിഎഫിന്‍റെ പരാതിയിലുണ്ട്.