ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടം തുടങ്ങാൻ ഇനി മൂന്ന് ദിവസം മാത്രം ബാക്കി. 2019 എന്തുകൊണ്ടും ഇന്ത്യയുടെ ചരിത്രത്തിൽത്തന്നെ നിർണായകമായ തെരഞ്ഞെടുപ്പാകുമെന്ന് ഉറപ്പാണ്. മോദി എന്ന ഒരു പേരിന്‍റെ പ്രഭയിലാണ് ബിജെപി തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. ഫിർ ഏക് ഓർ ബാർ മോദി സർക്കാർ  മുദ്രാവാക്യത്തിൽ പോലും മോദിയുണ്ട്. എന്നാൽ അബ് ഹോഗാ ന്യായ് (ഇനി നീതി നടപ്പാകും) എന്നാണ്  എന്തൊക്കെയാണ് ബിജെപിയും കോൺഗ്രസും അവരുടെ പ്രകടനപത്രികകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്? എന്തിലാണ് പ്രകടനപത്രികകളുടെ ഊന്നൽ? 

Congress will deliver (കോൺഗ്രസ് വാഗ്ദാനങ്ങൾ പാലിക്കും) എന്നാണ് രാഹുൽ ഗാന്ധി ഏപ്രിൽ 5-ന് രാഹുൽ ഗാന്ധി പുറത്തിറക്കിയ പ്രകടനപത്രികയിൽ പറയുന്നത്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം കേന്ദ്രമന്ത്രിമാരെയെല്ലാം അണി നിരത്തിയ പ്രകടനപത്രികാ പ്രകാശനത്തിൽ  'സങ്കൽപിത് ഭാരത് - സശക്ത് ഭാരത്' എന്നതാണ് ആപ്തവാക്യം.

തൊഴിൽരംഗത്തെ വികസനം കഴിഞ്ഞാൽ കർഷകർ, സൈനികരുടെ ക്ഷേമം, ദേശസുരക്ഷ, സദ്ഭരണം, സ്ത്രീസുരക്ഷ എന്നിങ്ങനെയുള്ള വിഷയങ്ങൾക്കാണ് കോൺഗ്രസ് പ്രകടനപത്രികയിൽ മുൻഗണന. ബിജെപിയുടെ പ്രകടനപത്രികയിൽ ആദ്യം വരുന്നത് ദേശസുരക്ഷയും തീവ്രവാദത്തെ അടിച്ചമർത്തലുമാണ്. പിന്നെ കർഷകക്ഷേമം, സാമ്പത്തികരംഗത്തെ വികസനം, അടിസ്ഥാനസൗകര്യവികസനം, ആരോഗ്യം എന്നിങ്ങനെ പോകുന്നു ഊന്നൽ നൽകുന്ന മേഖലകൾ. 

രണ്ട് പാർട്ടികളും തെരഞ്ഞെടുപ്പിലെ പ്രധാനപ്രചാരണവിഷയങ്ങളാണ് പ്രകടനപത്രികയിലും പറയുന്നത്. ബാലാകോട്ട്, ദേശസുരക്ഷ, എ-സാറ്റ് പരീക്ഷണം എന്നിവയെല്ലാം ബിജെപി പറയുമ്പോൾ രാജ്യത്തെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ജനങ്ങൾക്ക് വർഷം 72,000 രൂപ ഉറപ്പ് നൽകുന്ന 'ന്യായ്' പദ്ധതിയാണ് കോൺഗ്രസിന്‍റെ പ്രകടനപത്രികയിലെ ശ്രദ്ധേയ വാഗ്ദാനം. അതായത് ബിജെപി ദേശീയത ഉയർത്തി പ്രചാരണം കടുപ്പിയ്ക്കുമ്പോൾ, കോൺഗ്രസ് അടിസ്ഥാനവിഷയങ്ങളിലേക്ക് മടങ്ങുന്നു എന്നർത്ഥം. 

കർഷകരോഷം തിരിച്ചടിയാകുമെന്ന ഭയം ബിജെപിക്കുണ്ട് എന്നത് വ്യക്തം. കർഷകരുടെ വോട്ട് പ്രധാനമാണെന്ന് കോൺഗ്രസ് തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെയാണ് രണ്ടാം സ്ഥാനം കർഷകർക്കുള്ള വാഗ്ദാനങ്ങൾക്ക് ഇരുപാർട്ടികളും നീക്കി വയ്ക്കുന്നത്. 

ദാരിദ്ര്യനിർമാർജനം

കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജ്യത്തെ ജനങ്ങള്‍ക്കായി മിനിമം വരുമാനപദ്ധതി കൊണ്ടു വരുമെന്നാണ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത്. രാജ്യത്തെ ബിപിഎൽ പരിധിയിലുള്ള 20 ശതമാനം കുടുംബങ്ങൾ ഈ പദ്ധതിക്ക് കീഴിൽ വരും. 'ന്യായ്' എന്നാണ് ഈ പദ്ധതിക്ക് കോൺഗ്രസ് പേരിട്ടിരിക്കുന്നത്.

രാജ്യത്തെ എല്ലാ കുടുംബങ്ങള്‍ക്കും മിനിമം വരുമാനപരിധി നിശ്ചയിച്ച് ഈ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഘട്ടം ഘട്ടമായിട്ടാണ് പദ്ധതി നടപ്പാക്കുക. ഇതനുസരിച്ച് 12,000 രൂപ വരെയാകും ഒരു കുടുംബത്തിന് ഒരു മാസത്തേക്കുള്ള മിനിമം വരുമാനപരിധി. 12,000 രൂപയ്ക്ക് താഴെ വരുമാനമുള്ള കുടുംബങ്ങള്‍ക്ക്  ബാക്കി വരുന്ന തുക സര്‍ക്കാര്‍ പ്രതിമാസസഹായമായി നല്‍കും. ഒരു കുടുംബത്തിന് ഒരു വര്‍ഷം 72,000 രൂപ ഈ രീതിയില്‍ ലഭിക്കുമെന്നും രാഹുല്‍ പറഞ്ഞു. 

അതേസമയം, ബിജെപിയുടെ പ്രകടനപത്രികയിൽ എല്ലാവർക്കും പ്രധാനമന്ത്രി കിസാൻ സമ്മാൻ യോജന പദ്ധതിയുടെ ആനുകൂല്യം നൽകുമെന്നാണ് ഒരു പ്രധാനവാഗ്ദാനം. ഇപ്പോൾ 2 ഹെക്ടർ വരെ ഭൂമിയുള്ള കർഷകർക്ക് മാത്രമാണ് പദ്ധതിയുടെ ആനുകൂല്യം. 2022- ആകുമ്പോഴേക്ക് എല്ലാവർക്കും അടച്ചുറപ്പുള്ള വീടുകൾ, 80 കോടി ജനങ്ങൾക്ക് സബ്‍സിഡി നിരക്കിൽ ഭക്ഷ്യധാന്യങ്ങൾ, കിലോയ്ക്ക് 13 രൂപ നിരക്കിൽ പഞ്ചസാര, പ്രധാനമന്ത്രി ജൻ ധൻ യോജന എല്ലാവർക്കും ഉറപ്പാക്കും എന്നിവയാണ് ബിജെപിയുടെ വാഗ്ദാനങ്ങൾ. 

ആർട്ടിക്കിൾ 370 എ, 35 എ

ജമ്മു കശ്മീരിന് പ്രത്യേക പദവി അനുവദിക്കുന്ന ആർട്ടിക്കിൾ 370 എ റദ്ദാക്കുമെന്ന വാഗ്ദാനം ബിജെപി ആവർത്തിക്കുന്നു. ജമ്മു കശ്മീരിലെ സ്ഥിരം പൗരപദവി ആർക്കൊക്കെ എന്നുറപ്പാക്കുന്ന ഭരണഘടനാഭേദഗതി 35 എ റദ്ദാക്കുമെന്നും ബിജെപി വ്യക്തമാക്കുന്നു. ഒരു സംസ്ഥാനങ്ങൾക്കും പ്രത്യേക പദവി അനുവദിക്കേണ്ടതില്ലെന്നാണ് ബിജെപിയുടെ നിലപാട്.

എന്നാൽ കോൺഗ്രസിന്‍റേത് ഇതിന് കടകവിരുദ്ധ നിലപാടാണ്. ചർച്ചകളില്ലാതെ കശ്മീർ പ്രശ്നത്തിന് പരിഹാരമുണ്ടാകില്ല. മൂന്ന് പ്രതിനിധികളെ ഉൾപ്പെടുത്തി ഉപാധികളില്ലാതെ ചർച്ചകൾ നടത്തും. അതിർത്തിയിലെ നുഴഞ്ഞു കയറ്റവും സംഘ‌ർഷവുമാണ് അവസാനിപ്പിക്കേണ്ടത്. അതിനാൽ അതിർത്തിയിലേക്ക് കൂടുതൽ സൈനികരെ വിന്യസിക്കും. സംസ്ഥാനത്തിനകത്ത് ജനവാസമേഖലകളിലെ സൈനികവിന്യാസം കുറയ്ക്കും. അഫ്‍സ്പ പോലുള്ള കടുത്ത നിയമങ്ങൾ പുനഃപരിശോധിക്കും. ആർട്ടിക്കിൾ 370-യെക്കുറിച്ചോ, കശ്മീരി പണ്ഡിറ്റുകളെക്കുറിച്ചോ പത്രികയിൽ ഒന്നും പറയുന്നില്ല. 

തീവ്രവാദ‍ം

തീവ്രവാദം അടിച്ചമർത്താൻ സൈനികവിന്യാസം കൂട്ടുമെന്നും സേനകൾക്ക് പൂർണ സ്വാതന്ത്ര്യം നൽകുമെന്നും പല ഭരണസംവിധാനങ്ങളെയും ഏജൻസികളെയും ഒന്നിച്ചു ചേർത്ത് തീവ്രവാദത്തെ എതിരിടുമെന്നും ബിജെപി പ്രകടനപത്രിക പറയുന്നു. 

ദേശീയ തീവ്രവാദ വിരുദ്ധ സെന്‍റർ - National Counter-Terrorism Centre (NATGRID) - സ്ഥാപിക്കുമെന്നതാണ് കോൺഗ്രസിന്‍റെ വാഗ്ദാനം. വിട്ടുവീഴ്ചകളില്ലാതെ തീവ്രവാദത്തെ അടിച്ചമർത്താനുള്ള നടപടികളുണ്ടാകുമെന്നും കോൺഗ്രസ് ഉറപ്പ് നൽകുന്നു. 

കർഷകർക്കുള്ള വാഗ്ദാനങ്ങൾ

നോട്ട് നിരോധനത്തിലും വിളകളുടെ വിലയിടിവിലും വരൾച്ചയിലും വലഞ്ഞ കർഷകരുടെ പ്രതിഷേധങ്ങൾ അലയടിച്ച ഒരു ഭരണകാലയളവ് കൂടിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടേത്. അത് മുന്നിൽക്കണ്ടു തന്നെയാണ് കർഷകർക്കായി ക്ഷേമപദ്ധതികൾ കഴിഞ്ഞ ഇടക്കാലബജറ്റിൽ സർക്കാർ കൊണ്ടുവന്നത്. 5 വ‍ർഷം വരെ തിരിച്ചടവ് കാലാവധി നൽകി ഒരു ലക്ഷം രൂപ വരെ ലോണുകൾ അനുവദിക്കാനുള്ള പദ്ധതിയാണ് ഒന്ന്. 60 വയസ്സിന് മുകളിലുള്ള എല്ലാ കർഷകർക്കും പെൻഷൻ സ്കീമാണ് മറ്റൊന്ന്. 

എല്ലാവർക്കും 150 ദിവസം തൊഴിലുറപ്പ് നൽകുന്ന MNREGA 3.0 -യാണ് കോൺഗ്രസിന്‍റെ പ്രധാന വാഗ്ദാനം. കർഷകർക്കായി പ്രത്യേക ബജറ്റ്. കർഷകവികസനകമ്മീഷൻ രൂപീകരിക്കും, ചെറുകിട കർഷകർക്കും തൊഴിലാളികൾക്കുമുള്ള പ്രശ്നങ്ങളും ഈ കമ്മീഷൻ പരിഹരിക്കും - എന്നത് മറ്റൊരു വാഗ്ദാനം. വിളസംരക്ഷണ ഇൻഷൂറൻസ് പുതിയ രൂപത്തിൽ അവതരിപ്പിക്കും. വിള നശിച്ചാലും നഷ്ടമില്ലാത്ത വിധം പ്രീമിയം കിട്ടും വിധമാകും പദ്ധതി. കർഷകസ്ത്രീകൾക്ക് ഉടമസ്ഥാവകാശവും പാട്ടത്തിനുള്ള അവകാശവും ഉറപ്പാക്കുമെന്നും കോൺഗ്രസ് വാഗ്ദാനം ചെയ്യുന്നു. 

ജിഎസ്‍ടി, ചെറുകിട വ്യവസായങ്ങൾ

യുപിഎ സർക്കാരിന്‍റെ സ്വപ്ന പദ്ധതിയായിരുന്നെങ്കിലും ജിഎസ്‍ടി നടപ്പാക്കിയത് എൻഡിഎ സർക്കാരാണ്. ചെറുകിട വ്യവസായികൾക്കും കച്ചവടക്കാർക്കും ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. പല നിത്യോപയോഗസാധനങ്ങളും ആദ്യഘട്ടത്തിൽ കൂടുതൽ നികുതിയുടെ പരിധിയിൽ വന്നത് വ്യാപാരികളെ ദുരിതത്തിലാക്കി. നോട്ട് നിരോധനത്തിന് പിന്നാലെ വന്ന ജിഎസ്‍ടിയുടെ പേരിൽ വ്യാപാരസമൂഹത്തിന് സർക്കാരിനെതിരെ രോഷം ഉണ്ടാക്കിയിട്ടുണ്ട്.

ഇത് കണ്ടറിഞ്ഞാണ് ജിഎസ്‍ടി ലഘൂകരിക്കുമെന്ന് ബിജെപി ഉറപ്പ് നൽകുന്നത്. ചെറുകിട വ്യവസായികൾക്ക് ലോൺ ഉറപ്പ് നൽകുന്ന ക്രെഡിറ്റ് ഗ്യാരണ്ടി സ്കീം ആണ് മറ്റൊന്ന്. 2017-18 വർഷത്തിൽ 19,000 കോടി രൂപ കടമായി നൽകി. 2024 ആകുമ്പോഴേക്ക് ഒരു ലക്ഷം കോടി രൂപയുടെ വായ്പ ഉറപ്പാക്കും, ബിജെപി പത്രിക പറയുന്നു. 

ജിഎസ്‍ടി 2.0 - എന്നതാണ് കോൺഗ്രസ് വാഗ്‍ദാനം. എൻഡിഎ സർക്കാർ നടപ്പാക്കിയ ജിഎസ്‍ടി ഘടന തെറ്റാണെന്നും, രാജ്യമൊട്ടാകെ ഏകീകരിച്ച ഒരൊറ്റ നികുതി ഘടന ഉറപ്പാക്കുന്ന തരത്തിൽ ജിഎസ്‍ടി പൊളിച്ചെഴുതുമെന്നും, ലഘൂകരിക്കുമെന്നും കോൺഗ്രസും ഉറപ്പ് നൽകുന്നു. തകർന്ന ചെറുകിട വ്യവസായമേഖലയെ തിരികെ കയറ്റാൻ കയറ്റുമതിയ്ക്ക് നികുതി എടുത്തുകളയുമെന്നും മറ്റൊരു വാഗ്‍ദാനമാണ്.