ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ആംആ​ദ്മി പാർട്ടി. മോദി രാഷ്ട്രീയ നേട്ടത്തിനായി പാക് പിടിയിലായ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്റെ പേര് ഉപയോഗിച്ചു എന്നാണ് പരാതി.

ഒരു അഭിമുഖത്തിൽ രാഷ്ട്രീയ നേട്ടത്തിനായി അഭിനന്ദന്‍റെ പേര് മോദി പറഞ്ഞെുവെന്ന് എഎപി പരാതിയിൽ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വോട്ട് നേടാനായി സെെനിക വിഭാഗങ്ങളെ പരാമർശിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞിട്ടുള്ളതായും എഎപി പറഞ്ഞു. മോദിക്കെതിരെ നിയമ പ്രകാരം ഉചിതമായ നടപടിയെടുക്കണമെന്നും എഎപി കമ്മീഷനോട് ആവശ്യപ്പെട്ടു.

അതേസമയം എഎപിക്ക് മറുപടിയുമായി ബിജെപിയുടെ ദില്ലി ഘടകം വക്താവ് അശോക് ഗോയല്‍ ​രം​ഗത്തെത്തി. തെരഞ്ഞെടുപ്പില്‍ ഉന്നയിക്കേണ്ട വിഷയമാണ് ദേശീയ സുരക്ഷയെന്നാണ് ബിജെപി കരുതുന്നതെന്ന് ഗോയല്‍ പറഞ്ഞു. നമ്മുടെ സൈന്യത്തിന്‍റെ ധൈര്യത്തെ പ്രകീര്‍ത്തിക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടലംഘനമല്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.