വൈഎസ്ആര്‍ കോണ്‍ഗ്രസും ടിഡിപിയും തമ്മിലുള്ള ശക്തമായ പോരാട്ടമാണ് ആന്ധ്രയില്‍ നടക്കുന്നത്. ഇത് അണികളിലേക്കും വ്യാപിച്ചത് സംഘര്‍ഷത്തിന് വഴി വച്ചിരിക്കുകയാണ്.

അമരാവതി: ഇന്ന് വോട്ടിംഗ് നടക്കുന്ന ആന്ധ്രയില്‍ പരക്കെ സംഘര്‍ഷം. ഗുണ്ടൂരില്‍ വോട്ടിംഗിനിടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ടിഡിപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. പോളിംഗ് ബൂത്ത് തകര്‍ക്കുന്നതിലേക്ക് വരെ സംഘര്‍ഷമെത്തി. വെസ്റ്റ് ഗോദാവരിയിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. വൈഎസ് ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് കുത്തേറ്റത്.

അതേസമയം വൈഎസ്ആര്‍ കോണ്‍ഗ്രസും ടിഡിപിയും തമ്മിലുള്ള ശക്തമായ പോരാട്ടമാണ് ആന്ധ്രയില്‍ നടക്കുന്നത്. ഇത് അണികളിലേക്കും വ്യാപിച്ചത് സംഘര്‍ഷത്തിന് വഴി വച്ചിരിക്കുകയാണ്. ഇരു പാര്‍ട്ടികളും പരസ്പരം ആരോപണവും ഉന്നയിക്കുന്നുണ്ട്. പല ബൂത്തുകളും ടിഡിപി പിടിച്ചടക്കിയെന്നാണ് വൈഎസ്ആര്‍ കോണ്‍ഗ്രസിന്‍റെ ആരോപണം.
ഇതിനിടെ ജനസേനാ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി മധുസൂദന്‍ ഗുപ്ത വോട്ടിംഗ് യന്ത്രം തകരാറായതില്‍ പ്രതിഷേധിച്ച് എറിഞ്ഞുടച്ചു. അനന്ദ്പൂര്‍ ജില്ലയിലെ ഗൂട്ടി നിയമസഭാ സീറ്റിലെ സ്ഥാനാര്‍ത്ഥിയാണ് ഇയാള്‍. ഇതോടെ സ്ഥാനാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. 

വോട്ട് ചെയ്യാന്‍ പോളിംഗ് ബൂത്തില്‍ എത്തിയതായിരുന്നു ഗുപ്ത. എന്നാല്‍ മെഷീന് തകരാറുണ്ടെന്ന് പറഞ്ഞ് പോളിംഗ് ഉദ്യോഗസ്ഥരോട് കയര്‍ത്താണ് ഇയാള്‍ വോട്ടിംഗ് യന്ത്രം എറിഞ്ഞുടച്ചത്. ആന്ധ്രയില്‍ പലയിടങ്ങളിലും വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായതായാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍. 

മാവോയിസ്റ്റ് മേഖലകളിലും വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായതായാണ് സൂചന. വിശാല ആന്ധ്രയില്‍ മുഴുവന്‍ മണ്ഡലങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പ് നടക്കുകയാണ് ഇന്ന്. 9 മണിവരെയുള്ള കണക്ക് അനുസരിച്ച് 12 ശതമാനം വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.