ദുർബല സ്ഥാനാർത്ഥിയെ നിർത്തിയാൽ മറ്റു മണ്ഡലങ്ങളിലെ പ്രകടനത്തെ ബാധിക്കുമെന്ന് ആശങ്കയിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ഉള്ളത്
ദില്ലി: വയനാട് ,വടകര അടക്കമുള്ള നാലു സീറ്റുകളിലെ കോൺഗ്രസ് സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും.56 സീറ്റുകളിലേയ്ക്കുള്ള പാർട്ടി സ്ഥാനാർഥികളെ ഇന്നലെ രാത്രി വൈകി പ്രഖ്യാപിച്ചെങ്കിലും കേരളത്തിലെ സ്ഥാനാർഥികൾ പട്ടികയിൽ ഉൾപ്പെട്ടില്ല. കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനോട് ദില്ലിയിൽ തങ്ങാൻ ഹൈക്കമാന്റ് നിർദേശിച്ചിട്ടുണ്ട്. വടകരയിൽ ശക്തനായ സ്ഥാനാർഥി വേണമെന്ന സമ്മർദ്ദം ഹൈക്കമാന്റിന് മേൽ സജീവമാകുന്നതിനും വയനാട് സ്ഥാനാർഥി നിർണയം ഹൈക്കമാൻറിന് വിട്ട സാഹചര്യത്തിലും ആണിത്.
ദുർബല സ്ഥാനാർത്ഥിയെ നിർത്തിയാൽ മറ്റു മണ്ഡലങ്ങളിലെ പ്രകടനത്തെ ബാധിക്കുമെന്ന് ആശങ്കയിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ഉള്ളത്. വടകരയിൽ ശക്തമായ രാഷ്ട്രീയ പോരാട്ടം ആവശ്യമെന്നാണ് വിലയിരുത്തല്‍. ഇക്കാര്യം സ്ഥാനാർഥികൾ കെപിസിസി, എഐസിസി നേതൃത്വത്തെ അറിയിച്ചെന്നാണ് സൂചന.
നിലവില്‍ പരിഗണനയിലുള്ള പേരുകള്‍ ദുര്‍ബലമെന്നും സ്ഥാനാര്‍ത്ഥികള്‍ ചൂണ്ടിക്കാണിച്ചു. അതേസമയം ദുർബലരായ സ്ഥാനാർഥികളെ നിർത്തരുതെന്ന് ആർഎംപി കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. ശക്തരെ കണ്ടെത്താനായില്ലെങ്കിൽ പൊതു സ്വതന്ത്രരെ പരിഗണിക്കണമെന്നും ആര്‍എംപി ആവശ്യപ്പെട്ടു.
