Asianet News MalayalamAsianet News Malayalam

മുരളീധരൻ വന്നത് രാഹുലിന്‍റെ ഇടപെടലിലൂടെ; ഗ്രൂപ്പ് പോരിൽ സമവായം, സ്ഥാനാർത്ഥിപ്പട്ടിക ഹൈക്കമാൻഡിന്

ഗ്രൂപ്പ് പോര് അതിന്‍റെ പാരമ്യത്തിലെത്തിയപ്പോൾ ഹൈക്കമാൻഡ് ഇടപെട്ടു. കെ മുരളീധരന്‍റെ അനുയായിയായ പ്രവീൺ കുമാർ മത്സരിക്കുമെന്ന് പറഞ്ഞിടത്ത് മുരളിയെത്തന്നെ ഇറക്കിയത് രാഹുൽ ഗാന്ധി. 

congress candidate list finalised
Author
Thiruvananthapuram, First Published Mar 19, 2019, 1:54 PM IST

ദില്ലി: നീണ്ട ഗ്രൂപ്പ് പോരിനൊടുവിൽ കോൺഗ്രസ് സ്ഥാനാർത്ഥിപ്പട്ടികയായി. തർക്കമുണ്ടായിരുന്ന നാല് സീറ്റുകളിലും ധാരണയായതോടെ ഇനി പ്രചാരണരംഗത്തേക്ക്. വടകരയിൽ ആരെ നിർത്തും എന്നതിനെച്ചൊല്ലിയും വയനാട് സീറ്റ് ഏത് ഗ്രൂപ്പിന് എന്നതിനെച്ചൊല്ലിയും തർക്കം നീണ്ടപ്പോൾ ഹൈക്കമാൻഡ് ഇടപെട്ടാണ് സമവായമുണ്ടാക്കിയത്.

കോൺഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടിക ഇങ്ങനെ: 

  • തിരുവനന്തപുരം:  ശശി തരൂര്‍
  • ആറ്റിങ്ങൽ: അടൂർ പ്രകാശ്
  • മാവേലിക്കര:  കൊടിക്കുന്നിൽ സുരേഷ്
  • പത്തനംതിട്ട: ആന്‍റോ ആന്‍റണി
  • ആലപ്പുഴ: ഷാനിമോൾ ഉസ്മാൻ
  • എറണാകുളം: ഹൈബി ഈഡൻ
  • ഇടുക്കി:  ഡീൻ കുര്യാക്കോസ് 
  • തൃശൂര്‍:  ടി എൻ പ്രതാപൻ
  • ചാലക്കുടി: ബെന്നി ബെഹ്നാൻ
  • ആലത്തൂർ: രമ്യ ഹരിദാസ് 
  • പാലക്കാട്:  വി കെ ശ്രീകണ്ഠൻ 
  • കോഴിക്കോട്: എം കെ രാഘവൻ
  • വടകര: കെ മുരളീധരൻ
  • വയനാട്: ടി സിദ്ദിഖ്
  • കണ്ണൂര്‍:  കെ സുധാകരൻ 
  • കാസര്‍കോട്:  രാജ്മോഹൻ ഉണ്ണിത്താൻ

പി ജയരാജനെതിരെ വടകരയിൽ ദുർബലസ്ഥാനാർത്ഥികളെ നിർത്തുന്നതിനെതിരെ പ്രവർത്തകർക്കിടയിൽ ശക്തമായ വികാരമാണ് ഉയർന്നത്. ഇന്ന് രാവിലെ വരെ ഉയർന്ന പേര് കെ മുരളീധരന്‍റെ അടുത്ത അനുയായി അഡ്വ. പ്രവീൺ കുമാറിന്‍റേതാണ്. നേരത്തേ കോഴിക്കോട്ടെ കൗൺസിലറായ വിദ്യാ ബാലകൃഷ്ണന്‍റെ പേര് ഉയർന്നപ്പോഴും പ്രവർത്തകർ ശക്തമായി പ്രതികരിച്ചു. മുല്ലപ്പള്ളി തന്നെ മത്സരിക്കണമെന്ന മുറവിളി ശക്തമായി. എന്നാൽ മത്സരിക്കാനില്ലെന്ന നിലപാടിൽ മുല്ലപ്പള്ളി ഉറച്ചു നിന്നു.

Read More: മത്സരിക്കണമെന്ന് മുറവിളി, ഇല്ലെന്ന വാശിയിൽ മുല്ലപ്പള്ളി, ഒടുവിൽ ആ ഫോൺകോൾ!

വയനാട് സീറ്റിനെച്ചൊല്ലിയാകട്ടെ, ഗ്രൂപ്പ് തർക്കം അതിന്‍റെ പാരമ്യത്തിലായിരുന്നു. ഉമ്മൻചാണ്ടിയുടെ നിർബന്ധത്തിന് ഒടുവിൽ ഹൈക്കമാൻഡ് വഴങ്ങി എന്നതാണ് വ്യക്തമാകുന്നത്. അങ്ങനെ തർക്കമുള്ള നാല് സീറ്റുകളിലും കോൺഗ്രസിൽ ധാരണയാകുകയാണ്. വടകരയിൽ കെ മുരളീധരൻ, വയനാട്ടിൽ ടി സിദ്ദിഖ്, ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാൻ, ആറ്റിങ്ങലിൽ അടൂർ പ്രകാശ്. ഇനി കോൺഗ്രസ് സ്ഥാനാർഥിപ്പട്ടികയിൽ ആശയക്കുഴപ്പങ്ങളില്ല. 

അനാവശ്യമായ തര്‍ക്കം മൂലം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം വൈകുന്നത് സംസ്ഥാനത്തെ അനുകൂല അന്തരീക്ഷം വരെ ഇല്ലാതാക്കുമെന്ന ആശങ്ക മുതിര്‍ന്ന നേതാക്കള്‍ പരസ്യമായി തന്നെ പങ്കു വച്ചിരുന്നു. ഇടത് മുന്നണി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ട് പത്ത് ദിവസമായി. നിയോജക മണ്ഡലം കണ്‍വെൻഷനുകള്‍ പൂര്‍ത്തിയാക്കി പഞ്ചായത്ത് തല യോഗങ്ങളിലേക്ക് ഇടതു മുന്നണി കടന്നുകഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മേല്‍ നോട്ടത്തില്‍ എല്ലാ മണ്ഡലങ്ങളിലും വിലയിരുത്തല്‍ യോഗങ്ങള്‍ നടത്തി എണ്ണയിട്ട യന്ത്രം പോലെ ഇടതുമുന്നണി പ്രചാരണ രംഗത്ത് മുന്നേറുകയാണ്.

മറുവശത്താകട്ടെ  യുഡിഎഫില്‍  സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്‍റെ പേരിലുള്ള ഗ്രൂപ്പ് പോര് പാരമ്യത്തിൽ തുടർന്നു. നിര്‍ണ്ണായക സീറ്റുകള്‍ കൈപ്പിടിയിൽ ഒതുക്കാന്‍ എ ഗ്രൂപ്പ് ശ്രമിക്കുന്നതിന്‍റെ അമര്‍ഷത്തിലായിരുന്നു ഐ ഗ്രൂപ്പ്. വയനാട് അടക്കമുള്ള സീറ്റുകളില്‍ ഗ്രൂപ്പ് സമവാക്യം മാത്രം മാനദണ്ഡമാക്കിയതോടെ പ്രതിസന്ധി രൂക്ഷമായി.

ഇരുപക്ഷവും വാശിയോടെ നിലയുറപ്പിച്ചപ്പോള്‍ കെപിസിസി നേതൃത്വമടക്കം നോക്കുകുത്തിയാകേണ്ടി വന്നു . ഇടവേളക്ക് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ ഗ്രൂപ്പ് വീതം വെപ്പ് ശക്തമായത് തെരഞ്ഞെടുപ്പ് രംഗത്തെ യുഡിഎഫിനുണ്ടായിരുന്ന അനുകൂല അന്തരീക്ഷം വരെ നഷ്ടമാക്കിയെന്ന വിലയിരുത്തല്‍ മുതിര്‍ന്ന നേതാക്കള്‍ക്കുവരെയുണ്ട്.

വയനാട്ടിൽ സിദ്ദിഖിനായി നിർബന്ധം പിടിച്ച ഉമ്മൻ‌ചാണ്ടിയാണ് പ്രശ്ങ്ങൾക്കു കാരണം എന്ന് ഐ ഗ്രൂപ്പ് കുറ്റപ്പെടുത്തുമ്പോള്‍ പാലക്കാടും കാസർകോടും വിട്ടു വീഴ്ച ചെയ്തിട്ടും വയനാട്ടിൽ ഐ ഗ്രൂപ്പ് പിടിവാശി കാണിച്ചു എന്നാണ് എ ഗ്രൂപ്പിന്‍റെ ആരോപണം. സിദ്ദിഖിനെ വടകരയിൽ ഇറക്കി വയനാട് ഷാനി മോൾക്ക് നൽകണമെന്ന ഐ ഗ്രൂപ്പ് ഫോർമുലക്കും എ വഴങ്ങിയിരുന്നില്ല. ഇതോടെ ഗ്രൂപ്പ് പോര് കോൺഗ്രസിൽ പാരമ്യത്തിലായിരുന്നു. എന്നാൽ ഗ്രൂപ്പിന്‍റെ പേരിലല്ല അല്ല സിദിഖിനായി നിർബന്ധം പിടിച്ചതെന്നാണ് എ ഗ്രൂപ്പ് മറുപടി. 

ഉമ്മൻചാണ്ടി തന്നെ നേരിട്ട് ദില്ലിയിലെത്തി വയനാട് സീറ്റ് സിദ്ദിഖിന് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. മറ്റൊരു സമവായചർച്ചയ്ക്കും ഉമ്മൻചാണ്ടി തയ്യാറായതുമില്ല. ഇതോടെ കടുത്ത അതൃപ്തി രേഖപ്പെടുത്തിക്കൊണ്ട് ചർച്ചകൾ പൂർത്തിയാകുന്നതിന് മുമ്പ് ചെന്നിത്തല മടങ്ങി. ഇനി ദില്ലിയിൽ തുടരാന്നില്ലെന്ന തീരുമാനമായിരുന്നു ചെന്നിത്തലയ്ക്ക്. 

ഇതിനിടെ പ്രശ്നം രൂക്ഷമാക്കി പ്രതിഷേധവുമായി വി എം സുധീരനും രംഗത്തെത്തിയിരുന്നു. ജനങ്ങളുടെ മനസ്സ് മടുക്കുന്ന രീതിയിലാണ് സ്ഥാനാർത്ഥി നിർണയ ചർച്ചകളെന്ന രൂക്ഷ വിമര്‍ശനവുമായി വി എം സുധീരൻ രംഗത്തെത്തി. ഗ്രൂപ്പ് താൽപര്യവും കടുംപിടുത്തവും മാറ്റി വയ്ക്കാൻ നേതാക്കൾ തയ്യാറാകണമെന്നാണ് വിഎം സുധീരന്‍റെ ആവശ്യം.

കോൺഗ്രസിന് ഏറ്റവും അനുകൂലമായ അവസരം പാഴാക്കരുത്. താൻ മൽസരിക്കേണ്ടെന്ന് 2009-ൽ - തന്നെ തീരുമാനിച്ചിരുന്നു. അന്ന് താൻ മൽസര രംഗത്തു നിന്ന് മാറിയതുകൊണ്ടാണ് കെ സി വേണുഗോപാൽ അടക്കമുള്ളവർക്ക്  അവസരം കിട്ടിയതെന്നും വിഎം സുധീരൻ ഓര്‍മ്മിപ്പിച്ചു. 

Follow Us:
Download App:
  • android
  • ios