ഭുവനേശ്വര്‍: ഒഡീഷയിലെ പുരി ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥി സമ്പിത് പത്രയ്ക്കെതിരെ പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് കോൺ​ഗ്രസ്. തെരഞ്ഞെടുപ്പ് പ്രചരണ റാലിയിൽ സമ്പിത്, ജഗന്നാഥ വിഗ്രഹം പ്രദര്‍ശിപ്പിച്ചുവെന്നാണ് കോൺ​ഗ്രസിന്റെ പരാതി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണ് സമ്പിത് നടത്തിയതെന്നും കോണ്‍ഗ്രസ് പരാതിയില്‍ ചൂണ്ടിക്കാട്ടി. 

രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ബിജെപി ഭഗവാൻ ജഗന്നാഥിനെ ഉപയോഗിച്ചുവെന്നും കോൺ​ഗ്രസ് ആരോപിക്കുന്നു.‌ അതേസമയം  കോൺ​ഗ്രസ് ഉയർത്തിയ ആരോപണത്തെ സമ്പിത് നിഷേധിച്ചു. റാലിക്കിടയിൽ  ഒരാള്‍ തനിക്ക് സമ്മാനമായി വിഗ്രഹം തന്നതാണന്നും ഇതിനെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തരുതെന്നും സമ്പിത് പത്ര പറഞ്ഞു. 

റാലിയിൽ  ജഗന്നാഥ വിഗ്രഹം ഉയര്‍ത്തി കാണിച്ചതിന് പുറമെ ഈ ചിത്രം സമ്പിത്  സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചുവെന്നും കോണ്‍ഗ്രസ് ആരോപിച്ചു. മതം, ജാതി, തുടങ്ങിയവയുടെ പേരില്‍ വോട്ട് ചോദിക്കരുതെന്നാണ് ബഹുമാനപ്പെട്ട  തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നത്. എന്നാൽ അതുതന്നെയാണ് ബിജെപി ചെയ്യുന്നതെന്നും  കോണ്‍ഗ്രസ് വക്താവ് നിശികാന്ത് മിശ്ര കുറ്റപ്പെടുത്തി.