തന്നേപ്പോലെ അമ്പത്താറ് ഇഞ്ച് നെഞ്ചളവ് ഉള്ളവർക്ക് മാത്രമേ ശക്തമായ തീരുമാനങ്ങൾ എടുക്കാൻ സാധിക്കൂ എന്ന് 2014 ൽ മോദി പ്രസം​ഗിച്ചിരുന്നു. മോദിയുടെ ഈ അവകാശവാദത്തെ പരിഹസിച്ചു കൊണ്ടാണ് മോദ്വാഡിയയുടെ പുതിയ പരാമർശം. 

അ​ഹ​മ്മ​ദാ​ബാ​ദ്: അമ്പത്താറ് ഇഞ്ച് നെഞ്ചളവുള്ളത് കഴുതകൾക്ക് മാത്രമാണെന്ന പരിഹാസവുമായി ​ഗുജറാത്ത് കോൺ​ഗ്രസ് നേതാവ് അര്‍ജുന്‍ മോദ്വാഡിയ. തന്നേപ്പോലെ അമ്പത്താറ് ഇഞ്ച് നെഞ്ചളവ് ഉള്ളവർക്ക് മാത്രമേ ശക്തമായ തീരുമാനങ്ങൾ എടുക്കാൻ സാധിക്കൂ എന്ന് 2014 ൽ മോദി പ്രസം​ഗിച്ചിരുന്നു. മോദിയുടെ ഈ അവകാശവാദത്തെ പരിഹസിച്ചു കൊണ്ടാണ് മോദ്വാഡിയയുടെ പുതിയ പരാമർശം. ബാണസ്കന്ത ജില്ലയിലെ ദീസയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവേയാണ് മോദ്വാഡിയ ഇപ്രകാരം പറഞ്ഞത്. 

''ആരോ​ഗ്യവാനായ ഒരു മനുഷ്യന്റെ നെഞ്ചളവ് 36 ഇഞ്ചാണ്. ബോഡി ബിൽഡർ ആണെങ്കിൽ 42 ഇഞ്ച് വരെയാകാം. എന്നാൽ കഴുതകൾക്ക് മാത്രമാണ് അമ്പത്തിയാറ് ഇഞ്ച് നെഞ്ചളവ് ഉണ്ടാകുക. ചില കാളകളുടെ നെഞ്ചളവ് 100 ഇഞ്ചാണ്.'' ഇപ്രകാരമായിരുന്നു മോദ്വാഡിയയുടെ വാക്കുകൾ. മോദിയുടെ ഭക്തർക്കും അണികൾക്കും ഇക്കാര്യങ്ങളെക്കുറിച്ച് ബോധ്യമില്ലെന്നും തങ്ങളുടെ നേതാവിന് അമ്പത്താറ് ഇഞ്ച് നെഞ്ചളവ് ഉണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ അതവരെ സന്തുഷ്ടരാക്കുമെന്നും മോദ്വാഡിയ കൂട്ടിച്ചേർക്കുന്നു. 

സ്റ്റേറ്റ് കോൺ​ഗ്രസ് ഇൻ ചാർജ് രാജിവ് സത്തവ്, കോൺ​ഗ്രസ് സ്ഥാനാർത്ഥി പാർത്ഥി ഭട്ടോൽ എന്നിവർ റാലിയിൽ സംബന്ധിച്ചിരുന്നു. മോദ്വാഡിയയുടെ പരാമർശത്തിനെതിരെ രൂക്ഷ പ്രതിഷേധവുമായി ബിജെപി രം​ഗത്തെത്തിയിട്ടുണ്ട്. തോറ്റുപോകുമെന്ന് ഭയന്ന് കോൺ​ഗ്രസ് പാർട്ടിയുടെ മാനസിക നില തകരാറിലായിരിക്കുകയാണ് എന്നാണ് ബിജെപിയുടെ പ്രതികരണം. വളരെ മോശമായ വാക്കുകളാണിതെന്നും തീർച്ചയായും ഇത്തരം പരാമർശങ്ങൾ അത്യന്തം ഹീനമാണെന്നും അപലപിക്കപ്പെടേണ്ടതാണെന്നും ബിജെപി വക്താവ് ഭരത് പാണ്ഡ്യ പ്രതികരിച്ചു. സംസ്ഥാനത്തെ ജനങ്ങളാണ് ഇത്തരം പരാമർശങ്ങൾക്ക് മറുപടി നൽകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.