2015ൽ പട്ടേൽ സംവരണ പ്രക്ഷോഭം നടക്കുമ്പോൾ ഓങ്ങി വച്ചതാണ് ഹാർദിക്കിന് ഈ അടിയെന്ന് ഗജ്ജാർ പറഞ്ഞു
അഹമ്മദാബാദ്: പട്ടേൽ സമരനായകനും കോൺഗ്രസ് നേതാവുമായ ഹാർദിക് പട്ടേലിന് കിട്ടിയത് മൂന്നു വർഷം കാത്തിരുന്ന പ്രതികാരത്തിന്റെ കരണത്തടി. സുരേന്ദ്രനഗറിൽ കോൺഗ്രസ് പ്രചാരണയോഗത്തിൽ സംസാരിക്കുന്നതിനിടെ ഒരാൾ സ്റ്റേജിലേക്ക് കയറിവന്നു മുഖത്തടിക്കുകയായിരുന്നു. ഉടൻതന്നെ പ്രവർത്തകർ അക്രമിയെ വളഞ്ഞിട്ട് തല്ലി. അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച തല്ലുകാരൻ തരുൺ ഗജ്ജാർ പിന്നീട് കരണത്തടിയുടെ കാരണം വെളിപ്പെടുത്തി.
2015ൽ പട്ടേൽ സംവരണ പ്രക്ഷോഭം നടക്കുമ്പോൾ ഓങ്ങി വച്ചതാണ് ഹാർദിക്കിന് ഈ അടിയെന്ന് ഗജ്ജാർ പറഞ്ഞു. സംവരണ പ്രക്ഷോഭം നടക്കുമ്പോൾ എന്റെ ഭാര്യ ഗർഭിണിയായിരുന്നു. അവളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ വളരെയധികം പ്രശ്നങ്ങൾ നേരിട്ടിരുന്നു. ഹർദിക് പട്ടേലിനെ അടിക്കുമെന്നും എങ്ങനെയെങ്കിലും അദ്ദേഹത്തെ ഒരു പാഠം പഠിപ്പിക്കണമെന്നും അന്ന് തീരുമാനിച്ചതാണ്-ഗജ്ജാർ പറഞ്ഞു.
അഹമ്മദാബാദിൽ വൻറാലി നടക്കുമ്പോൾ തന്റെ കുഞ്ഞിനുള്ള മരുന്നു വാങ്ങാനുള്ള ഓട്ടത്തിലായിരുന്നു താൻ. എന്നാൽ എല്ലാ കടയും അടഞ്ഞു കിടക്കുകയായിരുന്നു. അവൻ(ഹർദിക്) ആഗ്രഹിക്കുമ്പോഴൊക്കെ ഗുജറാത്തിലെ കടകൾ അടപ്പിക്കും. ഇവൻ ആരാ ഗുജറാത്തിന്റെ ഹിറ്റ്ലറാണോയെന്നും ഗജ്ജാറിനെ ഉദ്ധരിച്ച് വാർത്താ എജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു.
പട്ടേല്‍ വിഭാഗങ്ങള്‍ക്ക് സംവരണം ആവശ്യപ്പെട്ടാണ് പട്ടിദാര്‍ അനാമത് ആന്ദോളന് എന്ന സംഘടന പ്രക്ഷോഭം സംഘടിപ്പിച്ചത്. 2015 ജൂലൈയിൽ നടന്ന പ്രക്ഷോഭത്തില്‍ നിരവധി അക്രമസംഭവങ്ങളാണ് അരങ്ങേറിയത്.
