മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മഹാരാഷ്ട്ര കോൺഗ്രസിൽ ഉൾപ്പോര് വീണ്ടും രൂക്ഷമാകുന്നു. പാർട്ടിക്കുള്ളിൽ രാഹുൽ ഗാന്ധിയുടെ വിശ്വസ്തരെ തഴയുന്നതിനുള്ള ഗൂഢാലോചന നടക്കുകയാണെന്ന് മുതിർന്ന നേതാവ് സഞ്ജയ് നിരുപം ആരോപിച്ചു. ഇങ്ങനെയാണെങ്കിൽ പാർട്ടിയിൽ തുടരാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ കോൺ​​ഗ്രസിന് മൂന്നോ നാലോ സീറ്റുകൾ നഷ്ടമാകും. മാധ്യമപ്രവര്‍ത്തകരെ ഇനി ഫലം വരുന്ന ദിവസമായ ഒക്ടോബര്‍ 24ന് മാത്രമേ കാണുകയുള്ളു. ദില്ലിയിലുള്ള നേതാക്കള്‍ക്ക് താഴെത്തട്ടിലുള്ള കാര്യങ്ങളെക്കുറിച്ച് ബോധ്യമില്ല. സ്ഥാനാർത്ഥികളെ നിർണയിക്കുന്നതിന് താഴെത്തട്ടിലുള്ള പ്രവർത്തകരുടെ നിർദ്ദേശങ്ങളെ പ്രതികരണങ്ങളോ കോൺ​ഗ്രസ് നേതൃത്വം എടുക്കില്ല. ദില്ലിയിലെ മുതിർന്ന നേതാക്കൾ സത്യാവസ്ഥ തിരിച്ചറിയാൻ ശ്രമിക്കുന്നില്ല. ചിന്തിക്കാതെയാണ് കോൺ​ഗ്രസ് നേതൃത്വം തീരുമാനങ്ങൾ എടുക്കുന്നത്. അതിനാലാണ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പങ്കെടുക്കില്ലെന്ന് താൻ തീരുമാനിച്ചതെന്നും സഞ്ജയ് നിരുപം പറഞ്ഞു.

മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് നാല് മികച്ച സ്ഥാനാര്‍ത്ഥികളുടെ പട്ടിക കൈമാറിയിരുന്നു. എന്നാൽ താന്‍ മുന്നോട്ട് വച്ച പട്ടിക ഒന്ന് നോക്കുക പോലും ചെയ്യാതെ ഖാര്‍ഗെ തിരസ്ക്കരിക്കുകയായിരുന്നു. മുംബൈ നോര്‍ത്ത് മേഖലയില്‍ സ്ഥാനാര്‍ത്ഥി ആരാണെന്ന് പോലും ഖാര്‍ഗെ അന്വേഷിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് പാര്‍ട്ടി വിജയിക്കുകയെന്നും നിരുപം പറഞ്ഞു.‌

കഴി‍ഞ്ഞ ദിവസം നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനായി പ്രചാരണത്തിനിറങ്ങില്ലെന്ന് സഞ്ജയ് നിരുപം പ്രഖ്യാപിച്ചിരുന്നു. തെര‍ഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി നിർദേശിച്ച സ്ഥാനാർഥിയെ മുംബൈ കോൺഗ്രസ് ഘടകം പരിഗണിക്കാതിരുന്നതാണ് പ്രതിഷേധത്തിന് കാരണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി കേവലം ഒരു പേരു മാത്രമാണ് പാര്‍ട്ടിയോട് നിര്‍ദേശിച്ചതെന്നും എന്നാൽ അതുപോലും പരിഗണിക്കാത്തത് വേദനാജനകമാണ്.

തന്റെ സേവനം ഇനി പാർട്ടിക്ക് ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും അതിനാല്‍ ഇനിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പങ്കെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിയോട് വിട പറയാൻ ഇതുവരെ സമയം ആയിട്ടില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ നേതൃത്വം പെരുമാറുന്ന രീതിയനുസരിച്ച് ആ ദിവസം അകലെയാണെന്ന് തോന്നുന്നില്ലെന്നും സഞ്ജയ് മറ്റൊരു ട്വീറ്റിൽ കുറിച്ചിരുന്നു.

അതേസമയം, കഴി‍ഞ്ഞ ഞായറാഴ്ചയാണ് കോൺ​ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയത്. 51നിയമസഭാ മണ്ഡലങ്ങളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടികയാണ് കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിത പുറത്തിറക്കിയത്. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചൗവാൻ ബോക്കർ മണ്ഡലത്തിൽ നിന്നും മുതിര്‍ന്ന നേതാവ് നിതിന്‍ റാവത്ത് നാ​ഗ്പൂർ നോർത്തിൽ നിന്നുമാണ് മത്സരിക്കുന്നത്.

മുന്‍ ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയുടെ മകള്‍ പരിണിതി സോലാപൂർ സിറ്റി സെൻട്രലിൽ നിന്നും മുന്‍ മുഖ്യമന്ത്രി വിലാസ്‌റാവു ദേശ്മുഖിന്റെ മകന്‍ അമിത്, ലത്തൂര്‍ സിറ്റിയിൽ നിന്നുമാണ് ജനവിധി തേടുന്നത്. പിസിസി സംസ്ഥാന അധ്യക്ഷന്‍ വിജയ് ബാലാസാഹേബ് സംഗംനീർ മണ്ഡലത്തിൽ നിന്നാണ് മത്സരിക്കുന്നത്. മുംബൈ കോൺഗ്രസ് അധ്യക്ഷൻ ഏക്നാഥ് ഗായിക്വവാദിന്റെ മകളും മുൻ മന്ത്രിയുമായ വർഷ ഗായിക്വവാദ് ധാരവിയിൽ നിന്ന് ഇത്തവണയും ജനവിധി തേടുന്നുണ്ട്.