Asianet News MalayalamAsianet News Malayalam

യുപിയിൽ സഖ്യത്തിന് കളമൊരുക്കി കോൺഗ്രസ്; 7 സീറ്റിൽ എസ്‍പി - ബിഎസ്‍പി സഖ്യത്തിനെതിരെ മത്സരിക്കില്ല

മുലായം സിംഗ് ഉൾപ്പടെ എസ്‍പി, ബിഎസ്‍പി, ആർഎൽഡി എന്നീ പാർട്ടികളുടെയൊക്കെ തലപ്പത്തുള്ളവർ മത്സരിക്കുന്ന മണ്ഡലങ്ങളിലാണ് കോൺഗ്രസ് പിൻമാറിയത്.

Congress Leaves 7 Seats In UP For Mayawati-Akhilesh Yadav Alliance
Author
Lucknow, First Published Mar 17, 2019, 6:00 PM IST

ലഖ്‍നൗ: ഉത്തർപ്രദേശിലെ ഏഴ് സീറ്റുകളിൽ എസ്‍പി - ബിഎസ്‍പി സഖ്യത്തിനെതിരെ മത്സരിക്കില്ലെന്ന് കോൺഗ്രസ്. സമാജ്‍വാദി പാർട്ടിയുടെ സ്ഥാപകനേതാവ് മുലായം സിംഗ് യാദവ് മത്സരിക്കുന്ന മെയിൻപുരി, അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിൾ യാദവ് മത്സരിക്കുന്ന കനൗജ് എന്നിവയിൽ കോൺഗ്രസ് സ്ഥാനാർഥികളെ നിർത്തില്ല.

ബിഎസ്‍പി അധ്യക്ഷ മായാവതി എവിടെ മത്സരിച്ചാലും കോൺഗ്രസ് എതിർ സ്ഥാനാർഥിയെ നിർത്തില്ല. രാഷ്ട്രീയലോക് ദൾ നേതാക്കളായ അജിത് സിംഗും ജയന്ത് ചൗധുരി എന്നിവർക്കും കോൺഗ്രസിൽ നിന്ന് ഒരു എതിരാളിയുണ്ടാകില്ല. അങ്ങനെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷവും സഖ്യസാധ്യത നിലനിർത്താനാണ് കോൺഗ്രസിന്‍റെ ശ്രമം. 

ഉത്തർപ്രദേശിൽ കോൺഗ്രസിനെ തള്ളി എസ്‍പിയും ബിഎസ്‍പിയും സഖ്യം രൂപീകരിച്ചത് പാർട്ടിക്ക് തിരിച്ചടിയായിരുന്നു. വിശാലപ്രതിപക്ഷത്തിൽ എസ‍്‍പിയും ബിഎസ്‍പിയും ഒപ്പമുണ്ടാകുമെന്ന കോൺഗ്രസിന്‍റെ ആദ്യ കണക്കുകൂട്ടലുകൾ തെറ്റി. എന്നാൽ സഖ്യപ്രഖ്യാപനത്തിലും കോൺഗ്രസിനെ തള്ളിപ്പറയാൻ എസ്‍പി നേതാവ് അഖിലേഷ് യാദവ് തയ്യാറായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. 

ആകെയുള്ള 80 സീറ്റുകളിൽ 38 സീറ്റുകളിൽ ബിഎസ്‍പിയും 37 സീറ്റുകളിൽ എസ്‍പിയും മത്സരിക്കാനാണ് സഖ്യധാരണ. എന്നാൽ റായ്‍ബറേലിയിലും അമേഠിയിലും എസ്‍പി - ബിഎസ്‍പി സഖ്യം സ്ഥാനാർഥിയെ നിർത്തുന്നില്ല. ഇതിന് പകരം നന്ദിസൂചകമെന്ന നിലയിലാണ് ഇരുപാർട്ടികളിലെയും ഏറ്റവും മുതിർന്ന നേതാക്കൾ മത്സരിക്കുന്ന മണ്ഡലങ്ങളിൽ കോൺഗ്രസും സ്ഥാനാർഥികളെ നിർത്തുന്നത് ഒഴിവാക്കാൻ തീരുമാനിച്ചത്.

അമേഠി, റായ്ബറേലി മണ്ഡലങ്ങളിൽ എസ്പിയും ബിഎസ്പിയും മത്സരിച്ചാൽ വിജയിക്കില്ലെന്നത് പോലെത്തന്നെ ഇപ്പോൾ മാറി നിൽക്കുന്ന ഏഴ് സീറ്റുകളിലും മത്സരിച്ചാൽ കോൺഗ്രസും ജയിക്കില്ല എന്നതുകൊണ്ടാണ് ഈ തീരുമാനമെന്ന വിമർശനം ഉയരുന്നുണ്ട്. പക്ഷേ, പ്രതിപക്ഷ മര്യാദയുടെ പുറത്ത് സ്വീകരിച്ച ഈ നീക്കത്തിന്‍റെ അടിസ്ഥാനത്തിൽ കോൺഗ്രസും എസ്‍പി - ബിഎസ്‍പി പാർട്ടികളും തമ്മിലുള്ള ബന്ധം കുറച്ചുകൂടി മെച്ചപ്പെടാനാണ് സാധ്യത. പ്രത്യേകിച്ചും, അ‍ഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് മുമ്പ് മായാവതിയും കോൺഗ്രസും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിൽ.

Follow Us:
Download App:
  • android
  • ios