ആകെയുള്ള 26 സീറ്റുകളും കഴിഞ്ഞ തവണ ബിജെപി തൂത്തുവാരിയതാണ്. പാര്‍ട്ടി സ്വാധീനം എന്നതിലുപരി നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവമായിരുന്നു അന്ന് വിജയത്തിന് തുണച്ചത്

ഗാന്ധിനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വദേശമായ ഗുജറാത്തില്‍ 'മോദി എഫക്ട്' കുറയാന്‍ സാധ്യതയെന്ന് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. നോട്ടുനിരോധനവും ജിഎസ്ടിയും ഇക്കുറി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേരിയ ക്ഷീണം വരുത്തുമെന്നാണ് റിപ്പോര്‍ട്ട്. ഒരിടവേളയ്ക്ക് ശേഷം കോണ്‍ഗ്രസ് സംസ്ഥാനത്ത് വീണ്ടും സാന്നിധ്യമറിയിക്കുമെന്നും സൂചനയുണ്ട്. 

ആകെയുള്ള 26 സീറ്റുകളും കഴിഞ്ഞ തവണ ബിജെപി തൂത്തുവാരിയതാണ്. പാര്‍ട്ടി സ്വാധീനം എന്നതിലുപരി നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവമായിരുന്നു അന്ന് വിജയത്തിന് തുണച്ചത്. എന്നാല്‍ ഇക്കുറി ഈ പരിവേഷത്തിന് മങ്ങല്‍ സംഭവിച്ചിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധിയുടെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് ചെറിയ തോതിലെങ്കിലും ജനങ്ങളെ സ്വാധീനിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നുമാണ് പൊതു വിലയിരുത്തല്‍. 

നഗരപ്രദേശങ്ങളില്‍ ബിജെപിയുടെ ശക്തികേന്ദ്രങ്ങള്‍ ഉടയാതെ നില്‍ക്കുമ്പോഴും, ഗ്രാമങ്ങളിലെ സാമുദായിക- രാഷ്ട്രീയം നിര്‍ണ്ണായകം തന്നെയാകും. 2009 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 11 സീറ്റ് നേടിയ കോണ്‍ഗ്രസ് 2014ലെ തെരഞ്ഞെടുപ്പായപ്പോഴേക്കും പരിപൂര്‍ണ്ണമായി സംസ്ഥാനത്ത് നിന്ന് തുടച്ചുനീക്കപ്പെടുകയായിരുന്നു. 'മോദി എഫക്ട്' ക്ഷീണത്തിലാണെങ്കില്‍ അത് തങ്ങള്‍ക്ക് അക്കൗണ്ട് 'റീ ഓപ്പണ്‍' ചെയ്യാനുള്ള അനുകൂല സാഹചര്യം ഉണ്ടാക്കിയേക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷയും.