ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കുന്നില്ലെന്ന തീരുമാനം എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെതെന്ന് കോൺ​ഗ്രസ് നേതൃത്വം. മറ്റ് ഉത്തരവാദിത്വങ്ങൾ ഉള്ളത് കൊണ്ടാണ് വാരാണസിയില്‍ മത്സരിക്കാനില്ലെന്ന് പ്രിയങ്ക തീരുമാനിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് സാം പിത്രോദ പറഞ്ഞു.

ഒന്നിൽ കൂടുതൽ സീറ്റിൽ മത്സരിക്കുന്നതിനെക്കാളും തന്റെ ഉത്തരവാദിത്ത്വങ്ങൾ ചെയ്ത് തീർക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കാമെന്നാണ് പ്രിയങ്ക വിചാരിച്ചത്. അത് തന്നെയായിരുന്നു അവരുടെ തീരുമാനം. അതവർ നടപ്പിലാക്കുകയും ചെയ്തതായി സാം പിത്രോദ കൂട്ടിച്ചേർത്തു.

അതേസമയം, സഹോദരനും കോൺ​ഗ്രസ് അധ്യക്ഷനുമായ രാഹുൽ ​ഗാന്ധി ആവശ്യപ്പെട്ടാൽ വാരാണസിയിൽ മത്സരിക്കുമെന്ന് പ്രിയങ്ക നേരത്തെ പറഞ്ഞിരുന്നു. രാഹുൽ പറഞ്ഞാൽ മത്സരിക്കുമെന്നും മത്സരിക്കുന്നതിൽ സന്തോഷമെയുള്ളുവെന്നും പ്രിയങ്ക പറഞ്ഞു. ഇതുകൂടാതെ പാർട്ടി ആ​ഗ്രഹിക്കുന്നുണ്ടെങ്കിൽ താൻ മത്സരിക്കുമെന്നും പ്രിയങ്ക ​ഗാന്ധി വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ തവണ മത്സരിച്ച അജയ് റായിയെ തന്നെയാണ് വാരാണസിയിൽ കോൺഗ്രസ് രംഗത്തിറക്കുന്നത്. കഴിഞ്ഞ തവണ മോദിക്കെതിരെ മത്സരിച്ച് അജയ് റായി മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു. 75,614 വോട്ടാണ് അജയ് റായ് കഴിഞ്ഞ തവണ തേടിയത്. ആകെ പോൾ ചെയ്ത വോട്ടിന്‍റെ ഏഴര ശതമാനം വോട്ട് മാത്രമായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്.