മത്സരിക്കാൻ മൻമോഹൻസിംഗ് തയ്യാറായാൽ എതിർക്കാൻ രാഹുൽ ഗാന്ധിക്കും ആവില്ല. മൻമോഹൻസിംഗ് മത്സരിച്ചാൽ വിശാല പ്രതിപക്ഷ സഖ്യത്തിന്‍റെ നേതൃത്വത്തിലേക്ക് അദ്ദേഹം ഉയരാനുള്ള സാധ്യതയും തള്ളാനാവില്ല.

ചണ്ഡീഗഢ്: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ നേരിട്ടു കണ്ട് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണം എന്നാവശ്യപ്പെട്ടു. പഞ്ചാബിലെ സംസ്ഥാന നേതാക്കളാണ് മൻമോഹൻ സിംഗിനെ നേരിൽ കണ്ട് ഈ ആവശ്യം ഉന്നയിച്ചത്. മൻമോഹൻ സിംഗ് അമൃത്സറിൽ മത്സരിക്കണം എന്നാണ് ഇവരുടെ നിർദ്ദേശം. രാഹുൽഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കണം എന്ന നിലപാട് പാർട്ടിയിൽ ശക്തമാകുമ്പോഴാണ് മൻമോഹൻ സിംഗിനെ മത്സരിപ്പിക്കാൻ കോൺഗ്രസിനുള്ളിൽ ശ്രമം നടക്കുന്നത്.

പ്രധാനമന്ത്രിയായിരുന്നപ്പോൾ മൻമോഹൻസിംഗ് രാജ്യസഭാ അംഗമായിരുന്നു. നിലവിലും രാജ്യസഭാംഗമായ മുൻ പ്രധാനമന്ത്രി രാജ്യസഭയിൽ അസമിനെയാണ് പ്രതിനിധീകരിക്കുന്നത്. ജൂണിൽ അദ്ദേഹത്തിന്‍റെ രാജ്യസഭാ കാലാവധി അവസാനിക്കും. എന്നാൽ അസമിൽ കോൺഗ്രസിന് നിലവിൽ ആരെയും വിജയിപ്പിക്കാനാകില്ല. അതിനാൽ രാജ്യസഭാ സീറ്റിനായി അദ്ദേഹം സംസ്ഥാനം മാറേണ്ടി വരും. പഞ്ചാബിൽ നിന്ന് ഒരു രാജ്യസഭാ അംഗത്തെ രാജിവയ്പ്പിച്ച് മൻമോഹൻ സിംഗിനെ മത്സരിപ്പിക്കണം എന്ന് ശുപാർശ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് മൻമോഹൻ സിംഗ് ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സമ്മർദ്ദം ഉയരുന്നത്.

2014ൽ അരുൺ ജയ്റ്റ്ലിയെ ക്യാപ്റ്റൻ അമരീന്ദർ സിംഗ് പരാജയപ്പെടുത്തിയ മണ്ഡലമാണ് മൻമോഹൻ സിംഗ് മത്സരിക്കണം എന്ന് ആവശ്യമുയരുന്ന അമൃത്സർ. ആവശ്യത്തോട് മൻമോഹൻസിംഗ് പ്രതികരിച്ചില്ലെന്നാണ് സൂചന. ആരോഗ്യസ്ഥിതി മത്സരത്തിന് തടസ്സമെന്ന് പാർട്ടിയിൽ ചിലർ പറയുന്നു.

എന്നാൽ മത്സരിക്കാൻ മൻമോഹൻസിംഗ് തയ്യാറായാൽ എതിർക്കാൻ രാഹുൽ ഗാന്ധിക്കും ആവില്ല. പഞ്ചാബിൽ കോൺഗ്രസിൻറെ സാധ്യത കൂട്ടാനും ദേശീയതലത്തിൽ പാർട്ടിക്ക് ബലം പകരാനും മൻമോഹൻസിംഗ് കളത്തിൽ ഇറങ്ങുന്നത് നന്നാവും എന്നാണ് സംസ്ഥാന ഘടകം പറയുന്നത്. എന്നാൽ രാഹുൽ ഗാന്ധിയെ പ്രധാനമന്തിയായി അംഗീകരിക്കാൻ എല്ലാ പ്രാദേശിക പാർട്ടികളും തയ്യാറല്ല. ഈ സാഹചര്യത്തിൽ മൻമോഹൻസിംഗ് മത്സരിച്ചാൽ വിശാലപ്രതിപക്ഷ സഖ്യത്തിന്‍റെ നേത്യത്വത്തിലേക്ക് അദ്ദേഹം ഉയരാനുള്ള സാധ്യതയും തള്ളാനാവില്ല