ആറ്റിങ്ങലില്‍ കോണ്‍ഗ്രസ് പതിച്ച പോസ്റ്ററുകളില്‍ ' ശബരിമലയെ കലാപഭൂമിയാക്കിയവര്‍ക്കെതിരെ ഇത്തവണത്തെ പ്രതിഷേധ വോട്ട്. കോണ്‍ഗ്രസിനൊപ്പം മുന്നേറാം' എന്നാണ് എഴുതിയിരിക്കുന്നത്. 

തിരുവനന്തപുരം: മതപരമായ ചിഹ്നങ്ങളോ ബാലാക്കോട് സൈനീക നീക്കമോ ലോകസഭാ തെരഞ്ഞെടുപ്പിന് ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ ചെവിക്കോണ്ടമട്ടില്ല. ഏറെ ഹിന്ദു വോട്ടുകളുള്ള തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലില്‍ കോണ്‍ഗ്രസ് വോട്ടു തേടുന്നത് ശബരിമല വിഷയമുയര്‍ത്തിയാണ്. 

ആറ്റിങ്ങലില്‍ കോണ്‍ഗ്രസ് പതിച്ച പോസ്റ്ററുകളില്‍ ' ശബരിമലയെ കലാപഭൂമിയാക്കിയവര്‍ക്കെതിരെ ഇത്തവണത്തെ പ്രതിഷേധ വോട്ട്. കോണ്‍ഗ്രസിനൊപ്പം മുന്നേറാം' എന്നാണ് എഴുതിയിരിക്കുന്നത്. ശബരിമലയുടെ ചിത്രങ്ങളോ പൊലീസ് നടപടിയോ പ്രചാരണായുധമാക്കരുതെന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ആവര്‍‌ത്തിച്ചുള്ള നിര്‍ദ്ദേശം വന്നതിന് പുറകേയാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. 

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കില്ലെന്ന് കോണ്‍ഗ്രസും ബിജെപിയും ആദ്യമേ പ്രഖ്യാപിച്ചിരുന്നു. ശബരിമല കര്‍മ്മ സമിതിയുടെ പേരില്‍ ശബരിമല പ്രചാരണ വിഷയമാക്കിയ ലഖുലേഖയ്ക്കെതിരെ ഇടത്പക്ഷം തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു.