മാണ്ഡ്യ: സ്വന്തം മുന്നണിയുടെ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാത്ത ഏഴ് ബ്ലോക്ക് പ്രസിഡന്‍റുമാരെ കോണ്‍ഗ്രസ് പുറത്താക്കി. രാജ്യം ഏറെ ഉറ്റുനോക്കുന്ന കര്‍ണാടകയിലെ മാണ്ഡ്യയിലാണ് പാര്‍ട്ടിയുടെ കടുത്ത നടപടി. മാണ്ഡ്യയില്‍ കോണ്‍ഗ്രസ് നേതാവും  നടനുമായിരുന്ന അംബരീഷിന്‍റെ ഭാര്യയും പ്രമുഖ നടിയുമായ സുമലത സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നുണ്ട്.

എന്നാല്‍, കോണ്‍ഗ്രസ്-ജെഡിഎസ് ധാരണപ്രകാരം മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകന്‍ നിഖിലാണ് സഖ്യ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. ഇവിടെ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത് സുമലതയ്ക്ക് വേണ്ടിയാണെന്നും സഖ്യ സ്ഥാനാര്‍ത്ഥിയായ നിഖിലിന് വേണ്ടിയല്ലെന്നും കുമാരസ്വാമി അടക്കം ആരോപണം ഉന്നയിച്ചിരുന്നു.

ദക്ഷിണ കര്‍ണാടക ജില്ലയായ മാണ്ഡ്യയില്‍ സുമലതയ്ക്ക് സീറ്റില്ലെന്ന് വ്യക്തമായതോടെ കോണ്‍ഗ്രസിനുള്ളില്‍ പ്രശ്നങ്ങള്‍ ആരംഭിച്ചിരുന്നു. സംസ്ഥാന നേതൃത്വത്തിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഏറിയ പങ്കും രംഗത്ത് വന്നു. സുമലതയ്ക്ക് സീറ്റ് നല്‍കണമെന്നായിരുന്നു ഇവരുടെ ആവശ്യം. സുമലതയ്ക്ക് സീറ്റ് നല്‍കിയില്ലെങ്കില്‍ പ്രചാരണത്തിന് ഇറങ്ങില്ലെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു.

തുടര്‍ന്ന് നേതൃത്വം നിരവധി വട്ടം മഞ്ഞുരുക്കാനായി ശ്രമിച്ചെങ്കിലും കാര്യങ്ങള്‍ ശരിയായില്ല. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പോലും നിഖിലിനെ പിന്തുണയ്ക്കണമെന്ന ആവശ്യം ഉന്നയിച്ചെങ്കിലും അതും പ്രവര്‍ത്തകരുടെ എതിര്‍പ്പ് കുറച്ചില്ല. കൂടാതെ, കോണ്‍ഗ്രസ് പതാകയുമേന്തി തന്നെ സുമലതയ്ക്ക് വേണ്ടി പ്രചാരണം നടന്നതോടെ സഖ്യത്തിന് തന്നെ വിള്ളല്‍ വീഴുന്ന അവസ്ഥയായി.

ഇതോടെ ജെഡിഎസ് പിന്തുണ ആവശ്യമുള്ള സ്ഥലങ്ങളില്‍ കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടാകുമെന്ന് ഉറപ്പായതോടെ കടുത്ത നടപടികളിലേക്ക് നേതൃത്വം കടക്കുകയായിരുന്നു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുന്നതെങ്കിലും ബിജെപി പിന്തുണ സുമലതയ്ക്കുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.