കേരളത്തിലെ കോൺഗ്രസിന്‍റെ സമീപകാല ചരിത്രത്തിൽ ഇതാദ്യമായാണ് ഒറ്റ ഘട്ടമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാതിരിക്കുന്നത്. പ്രധാനമായും വയനാട് സീറ്റിനെ ചൊല്ലി എ, ഐ ഗ്രൂപ്പുകൾ തമ്മിലുള്ള കടുത്ത തർക്കമാണ് പ്രഖ്യാപനം വൈകാൻ കാരണമെന്നാണ് വിവരം.
ദില്ലി: കേരളത്തിലെ പതിമൂന്ന് ലോക്സഭാ മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർത്ഥികളെ അൽപ്പസമയത്തിനകം പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം മൂന്ന് സീറ്റുകളിലെ കോൺഗ്രസ് സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വയനാട്, ആലപ്പുഴ, ആറ്റിങ്ങൽ സീറ്റുകളിലെ സ്ഥാനാർത്ഥി നിർണ്ണയമാണ് ഗ്രൂപ്പ് തർക്കം കാരണം തീരുമാനം ആകാത്തത്. ദില്ലിയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
കേരളത്തിലെ കോൺഗ്രസിന്‍റെ സമീപകാല ചരിത്രത്തിൽ ഇതാദ്യമായാണ് ഒറ്റ ഘട്ടമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാതിരിക്കുന്നത്. വയനാട് സീറ്റിനെ ചൊല്ലി എ, ഐ ഗ്രൂപ്പുകൾ തമ്മിലുള്ള കടുത്ത തർക്കമാണ് പ്രഖ്യാപനം വൈകാൻ കാരണം. വയനാട്, ആലപ്പുഴ, ആറ്റിങ്ങൽ സീറ്റുകളിലെ സ്ഥാനാർത്ഥി നിർണ്ണയത്തിന് കൂടുതൽ ചർച്ചകൾ ആവശ്യമുണ്ടെന്നും എന്നാൽ അതിനായി ഇനി സ്ക്രീനിംഗ് കമ്മിറ്റി കൂടുകയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സിറ്റിംഗ് എംപിമാർ തുടരുമോ, സ്ഥാനാർത്ഥി പട്ടികയിൽ വനിതാ സാന്നിദ്ധ്യമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ ഹൈക്കമാൻഡ് പ്രഖ്യാപിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഉമ്മൻ ചാണ്ടിയെ കോൺഗ്രസ് പ്രത്യേക ദൗത്യവുമായി അടിയന്തരമായി ആന്ധ്രയ്ക്ക് അയച്ചിരിക്കുകയാണ്. അതുകൊണ്ടാണ് അദ്ദേഹം കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയിൽ പങ്കെടുക്കാത്തതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സീറ്റുകളുടെ കാര്യത്തിൽ യാതൊരു തർക്കവും ഇല്ലെന്നും ഉമ്മൻചാണ്ടിയുമായി അഭിപ്രായവ്യത്യാസം ഇല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കോൺഗ്രസിന് ഏറ്റവും വിജയ സാദ്ധ്യത കണക്കാക്കുന്ന വയനാട് സീറ്റ് ടി സിദ്ദിഖിന് നൽകണമെന്ന് കഴിഞ്ഞ ദിവസം സ്ക്രീനിംഗ് കമ്മിറ്റി യോഗത്തിൽ ഉമ്മൻചാണ്ടി ആവശ്യപ്പെട്ടിരുന്നു. എന്നാൽ വയനാട് ഐ ഗ്രൂപ്പിന്‍റെ സിറ്റിംഗ് സീറ്റാണെന്നും ഷാനിമോൾ ഉസ്മാനോ കെ പി അബ്ദുൾ മജീദിനോ സീറ്റ് നൽകണമെന്ന് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. വയനാട് സീറ്റിനെ ചൊല്ലി ഇരുപക്ഷവും തമ്മിൽ ഇപ്പോഴും തർക്കം തുടരുകയാണ്.
ഇതിനിടെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന കടുത്ത സമ്മർദ്ദത്തിനിടെ ഒരു കാരണവശാലും മത്സരിക്കാനില്ലെന്ന് ആവർത്തിച്ച് ഉമ്മൻചാണ്ടി ആന്ധ്രയിൽ നിന്ന് കേരളത്തിലേക്ക് മടങ്ങി. ആന്ധ്രയിൽ നിന്ന് ഉമ്മൻചാണ്ടിയെ ഹൈക്കമാൻഡ് ദില്ലിക്ക് വിളിച്ചു എന്ന വാർത്തകൾക്കിടെയാണ് അദ്ദേഹം സംസ്ഥാനത്ത് തിരിച്ചെത്തിയത്. വയനാട് സീറ്റിലെ സ്ഥാനാർത്ഥി നിർണ്ണയം സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിലും തീരുമാനം ആയില്ല.
ഉമ്മൻചാണ്ടിയുമായി കൂടുതൽ ചർച്ചകൾക്കായാണ് കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം രണ്ട് ഘട്ടമാക്കാൻ തീരുമാനിച്ചത്. ആലപ്പുഴ, ആറ്റിങ്ങൽ സീറ്റുകൾ സംബന്ധിച്ചുള്ള തർക്കങ്ങളും പറഞ്ഞുതീർത്ത് നാളെ ശേഷിച്ച മൂന്ന് സീറ്റുകളിൽ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്താൻ ആകുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്‍റെ പ്രതീക്ഷ.
