ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി ബിജെപി. ചൈനയുടെ യു എൻ സുരക്ഷാ സമിതി അംഗത്വം നെഹ്റുവിന്റെ സംഭാവനയെന്ന് ബിജെപി. നെഹ്റു കുടുംബം ചെയ്ത തെറ്റുകൾ രാജ്യം തിരുത്തുകയാണെന്ന് ബിജെപി പ്രതികരിച്ചു. 

മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിനെ ചൈന വീണ്ടും യു എൻ സുരക്ഷാ സമിതിയിൽ എതിര്‍ത്ത വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഹുല്‍ പരിഹസിച്ചിരുന്നു. മോദിക്ക് ചൈനാപ്പേടിയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ചൈന ഇന്ത്യക്കെതിരെ നിലപാട് എടുക്കുമ്പോള്‍ മോദി ഒരക്ഷരം പോലും മിണ്ടുന്നില്ല. 

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍ പിങ്ങിനൊപ്പം ഗുജറാത്തിൽ ഊഞ്ഞാലാടുകയും ദില്ലിയിൽ കെട്ടിപ്പിടിക്കുകയും ചൈനയിൽ കുമ്പിടുകയുമാണ് മോദിയെന്ന് രാഹുൽ പറഞ്ഞിരുന്നു.  ജയ്ഷെ തലവൻ മൗലാന മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ഇന്ത്യൻ നീക്കത്തിന്  ചൈനയുടെ നിലപാട് വീണ്ടും തിരിച്ചടിയായിരുന്നു. അസറിനെ കരിമ്പട്ടികയിൽപ്പെടുത്താനുള്ള യുഎൻ രക്ഷാസമിതിയുടെ നടപടി ചൈനയാണ് തടഞ്ഞത്. ഈ സാഹചര്യത്തിലായിരുന്നു രാഹുലിന്റെ പരിഹാസം.