സി കെ ജാനുവിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കം സിപിഐ ഉപേക്ഷിച്ചത് പാര്‍ട്ടിയില്‍ ചേരണമെന്ന നിര്‍ദ്ദേശം നിരസിച്ചതിനാലെന്ന് സൂചന. അതേസമയം ഇടത് സ്ഥാനാർത്ഥിയാക്കാമെന്ന് സിപിഐ വാഗ്ദാനം ചെയ്തെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സി കെ ജാനു.
വയനാട്: വയനാട്ടില്‍ സി കെ ജാനുവിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കം സിപിഐ ഉപേക്ഷിച്ചത്, പാര്‍ട്ടിയില്‍ ചേരണമെന്ന നിര്‍ദ്ദേശം നിരസിച്ചതിനാലെന്ന് സൂചന. അതേസമയം ഇടത് സ്ഥാനാർത്ഥിയാക്കാമെന്ന് സിപിഐ വാഗ്ദാനം ചെയ്തെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സി കെ ജാനു പറഞ്ഞു.
കാനം രാജേന്ദ്രനടക്കമുള്ള സിപിഐ നേതാക്കള്‍ മുന്‍കൈയെടുത്താണ് ജാനുവിനെ എന്‍ഡിഎ പാളയത്തില്‍ നിന്ന് ഇടതുമുന്നണിക്കൊപ്പമെത്തിച്ചത്. ജാനുവിനെ വയനാട്ടില്‍ മത്സരിപ്പിച്ചാല്‍ ആദിവാസി വോട്ടുകള്‍ ഗണ്യമായി കൂട്ടാമെന്നായിരുന്നു കണക്ക് കൂട്ടല്‍. എന്നാല്‍ സിപിഐയില്‍ ലയിക്കേണ്ടെന്ന് ജനാധിപത്യ രാഷ്ട്രീയസഭ തീരുമാനിച്ചതോടെ സിപിഐ ജാനുവിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കമുപേക്ഷിക്കുകയായിരുന്നു. സീറ്റടക്കമുള്ള വാഗ്ദാനങ്ങളുണ്ടായിരുന്നുവെങ്കിലും ഇപ്പോഴതില്‍ പ്രതിഷേധിക്കാന്‍ ജാനു തയ്യാറല്ല.
എന്‍ഡിഎയില്‍ നിന്ന് നേരിട്ട കയ്പേറിയ അനുഭവങ്ങള്‍ കാരണം സിപിഐയുമായി ഇടഞ്ഞ് ഇടതുമുന്നണിപ്രവേശത്തിന് തടസ്സമുണ്ടാക്കേണ്ടെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കും.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് മുമ്പ് ഇടതുമുന്നണിയില്‍ പ്രവേശിക്കാനുള്ള അവസരമോരുക്കുകയാണ് ജനാതിപത്യരാഷ്ട്രീയ സഭയുടെ ലക്ഷ്യം. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതു പിന്തുണയോടെ വയനാട്ടില്‍ ചില പഞ്ചായത്തുകള്‍ പിടിച്ചെടുക്കാമാന്നാണ് കണക്കു കൂട്ടല്‍. അതുകോണ്ടുതന്നെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരമാവധി വോട്ടുകള്‍ ldfനായി സമാഹരിച്ച് മുന്നണിപ്രവേശനത്തിന് അവകാശവാദമുന്നയിക്കാനാണ് തീരുമാനം.
