ഔർഡേമോക്രസി എന്ന സം​ഘടനയ്ക്കൊപ്പം ചേർന്നാണ് കനയ്യ ക്രൗഡ് ഫണ്ടിങ്ങ് ആരംഭിച്ചത്. പ്രചാരണത്തിനായി 70 ലക്ഷം രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. 

പാറ്റ്ന: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന മുൻ ജെഎൻയു വിദ്യാർഥി നേതാവ് കനയ്യ കുമാര്‍ ക്രൗഡ് ഫണ്ടിങ് ക്യാമ്പയിനിലൂടെ രണ്ട് ദിവസം കൊണ്ട് സമാഹരിച്ചത് 25 ലക്ഷം രൂപ. സിപിഐ നേതാവ് സത്യനാരായണൻ സിം​ഗാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒരു രൂപ വീതം സംഭാവന നല്‍കണമെന്ന് കനയ്യ കുമാര്‍ കഴിഞ്ഞ ദിവസം അഭ്യര്‍ഥിച്ചിരുന്നു.

ജനങ്ങളുടെ പിന്തുണ വേണം. ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവരാണെങ്കിൽ നിങ്ങൾക്ക് കഴിയുന്നത് പോലെ വലുതോ ചെറുതോ ആയ തുക നല്‍കി പിന്തുണയ്ക്കണമെന്നും കനയ്യ കുമാര്‍ പറഞ്ഞു. ഔർഡേമോക്രസി എന്ന സം​ഘടനയ്ക്കൊപ്പം ചേർന്നാണ് കനയ്യ ക്രൗഡ് ഫണ്ടിങ്ങ് ആരംഭിച്ചത്. പ്രചാരണത്തിനായി 70 ലക്ഷം രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ക്ക് പ്രചാരണത്തിനായി ചിലവഴിക്കാന്‍ അനുവദിക്കപ്പെട്ട പരമാവധി തുകയാണ് 70 ലക്ഷം.

തെരഞ്ഞെടുപ്പ് നേരിടുന്നതിന് സഹായിക്കണം. ഒരു രൂപ വീതമുള്ള സംഭാവന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും സാധാരണക്കാരുടെയും ചൂഷണത്തിന് വിധേയരാവുന്നവരുടെയും ശബ്ദം പാര്‍ലമെന്റില്‍ എത്തിക്കുന്നതിന് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിഹാറിലെ ബഗുസരായ് മണ്ഡലത്തില്‍ നിന്നാണ് സിപിഐ ടിക്കറ്റില്‍ കനയ്യ മത്സരിക്കുന്നത്. ബിജെപിക്കെതിരെയാണ് തന്റെ പോരാട്ടമെന്ന് കനയ്യ നേരത്തെ വ്യക്തമാക്കിയിരുന്നു. കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗിരിരാജ് സിങ്ങിനെയാണ് കനയ്യ ബഗുസരായിയില്‍ നേരിടുന്നത്. തന്‍വീര്‍ ഹസനാണ് മണ്ഡലത്തിലെ ആര്‍ജെഡി സ്ഥാനാര്‍ഥി.