മൽസരിക്കാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കിയിട്ടും കാനം രാജേന്ദ്രൻ തന്നെ മൽസരിക്കണമെന്നാണ് തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ ശുപാർശ.

തിരുവനന്തപുരം: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഐ സ്ഥാനാർത്ഥികളുടെ സാധ്യതാ പട്ടിക തയ്യാറായി. പാർട്ടി മൽസരിക്കുന്ന നാല് സീറ്റുകളിലെ സ്ഥാനാർത്ഥികളുടെ സാധ്യത പട്ടികയാണ് ജില്ലാ കമ്മറ്റികൾ തയ്യാറാക്കിയിരിക്കുന്നത്. 

പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ തിരുവനന്തപുരത്ത് മൽസരിപ്പിക്കണമെന്ന് സിപിഐ തിരുവനന്തപുരം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. മൽസരിക്കാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കിയിട്ടും കാനം രാജേന്ദ്രൻ തന്നെ മൽസരിക്കണമെന്നാണ് തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ ശുപാർശ. രണ്ടാമതായി സി ദിവാകരൻ എംഎൽഎയുടെയും മൂന്നാമതായി ജില്ലാ സെക്രട്ടറി ജി ആർ അനിലിന്‍റെയും പേരുകളാണുള്ളത്.

തൃശ്ശൂരിൽ നിന്ന് നിലവിലെ എംപി സി എൻ ജയദേവന്‍റെ പേരാണ് നിർദേശിച്ചിരിക്കുന്നത്. മന്ത്രി വി എസ് സുനിൽ കുമാറിനെ തൃശൂരിൽ മത്സരിപ്പിക്കാനും നേതൃത്വം ആലോചിക്കുന്നുണ്ടെന്നാണ് സൂചന. 

മാവേലിക്കര മണ്ഡലം ഉൾപ്പെട്ട ആലപ്പുഴ, കൊല്ലം, കോട്ടയം ജില്ലകളിലെ കമ്മറ്റികൾ നൽകിയ സാധ്യതാ പട്ടികയിലെല്ലാം അടൂർ എംഎൽഎ ചിറ്റയം ഗോപകുമാറിന്‍റെ പേരുമുണ്ട്. ആലപ്പുഴയിൽ നിന്ന് ഡെപ്യൂട്ടി സ്പീക്കർ വി ശശിയുടെ പേരും നിർദേശിക്കപ്പെട്ടിട്ടുണ്ട്.

വയനാട്ടിൽ സത്യൻ മൊകേരിക്കു പുറമേ രണ്ടാം പേരായി സംസ്ഥാന അസി.സെക്രട്ടറി സി എൻ ചന്ദ്രന്‍റെ പേരാണ് നിർദേശിക്കപ്പട്ടിരിക്കുന്നത്.

മറ്റന്നാൾ ചേരുന്ന സംസ്ഥാന കൗൺസിലാണ് സ്ഥാനാർത്ഥി പട്ടികയിൽ അന്തിമ തീരുമാനം എടുക്കുക. പുതിയ പേരുകളും സംസ്ഥാന കൗൺസിലിൽ ചർച്ചയ്ക്ക് വരും.