Asianet News MalayalamAsianet News Malayalam

ആ പരസ്യം അങ്ങേയറ്റം സ്ത്രീ വിരുദ്ധം; സുധാകരൻ കോൺഗ്രസിന്‍റെ പാരമ്പര്യം മറന്നെന്ന് സുഭാഷിണി അലി

പോരാട്ടത്തിന്‍റെ ചരിത്രം മറന്ന കോൺഗ്രസ് പാർട്ടി ഇപ്പോൾ കേരളത്തിലെ നവോത്ഥാന പോരാട്ടങ്ങൾക്കെതിരായി പ്രവർത്തിക്കുകയാണെന്നും സുഭാഷിണി അലി തിരുവനന്തപുരത്ത് പറഞ്ഞു.
 

cpim polit bureau member subhashini ali against k sudhakaran election video
Author
Thiruvananthapuram, First Published Apr 17, 2019, 12:52 PM IST

തിരുവനന്തപുരം: കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരന്‍റെ പ്രചാരണ വീഡിയോക്കെതിരെ കടുത്ത വിമർശനവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി. കെ സുധാകരന്‍റെ  പ്രചാരണ വീഡിയോ അങ്ങേയറ്റം സ്ത്രീ വിരുദ്ധമാണെന്നും കേരളത്തിലെ സ്ത്രീകളെക്കുറിച്ച് സുധാകരന് ഒന്നും അറിയില്ലെന്നും സുഭാഷിണി അലി പറഞ്ഞു. 

കോൺഗ്രസ് പാർട്ടിയിൽ ഉള്ള വനിതാ നേതാക്കളെ തന്നെ അപമാനിക്കുകയാണ് കെ സുധാകരൻ. മുതിർന്ന വനിതാ നേതാക്കൾ പ്രവർത്തിച്ച പാർട്ടിയാണ് കോൺഗ്രസ്. എന്നാൽ സ്വന്തം പരസ്യത്തിലൂടെ സുധാകരൻ കോൺഗ്രസിന്‍റെ പാരമ്പര്യം മറന്നെന്നും സുഭാഷിണി അലി കുറ്റപ്പെടുത്തി.

പോരാട്ടത്തിന്‍റെ ചരിത്രം മറന്ന കോൺഗ്രസ് പാർട്ടി ഇപ്പോൾ കേരളത്തിലെ നവോത്ഥാന പോരാട്ടങ്ങൾക്കെതിരായി പ്രവർത്തിക്കുകയാണെന്നും സുഭാഷിണി അലി തിരുവനന്തപുരത്ത് പറഞ്ഞു.

"ഓളെ പഠിപ്പിച്ച് ടീച്ചർ ആക്കിയത് വെറുതെയായി"  എന്ന കുറിപ്പോടെ സുധാകരൻ ഫേസ്ബുക്കിൽ പങ്ക് വച്ച  ഒന്നര മിനുട്ട് ദൈർഘ്യമുള്ള പ്രചാരണ പരസ്യത്തിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. 

ഒരു വീട്ടിലെ സ്വത്ത് തര്‍ക്കം എന്ന തോന്നിപ്പിക്കുന്ന രീതിയിൽ ആരംഭിക്കുന്ന പരസ്യം 'അവൾ ' പോയാൽ ഒന്നും നടക്കില്ല എന്നും ആൺകുട്ടി തന്നെ പോകണം കാര്യങ്ങൾ ശരിയാക്കാൻ എന്ന രീതിയിലാണ്  പ്രചാരണ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. പാര്‍ലമെന്‍റില്‍ ശ്രീമതി നടത്തിയ പ്രസംഗങ്ങളെയും പരസ്യം കളിയാക്കുന്നുണ്ടെന്ന് ആരോപണമുണ്ട്. 

"ഓളെ പഠിപ്പിച്ച് ടീച്ചര്‍ ആക്കിയത് വെറുതെയായി"  എന്ന പരസ്യത്തിലെ കഥാപാത്രത്തിന്‍റെ പ്രസ്താവനക്കെതിരെ കടുത്ത വിമർശനമാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്. പെൺകുട്ടികളെ കൊണ്ട് ഒന്നിനും കഴിയില്ലെന്നുള്ള കടുത്ത സ്ത്രീ വിരുദ്ധ നിലപാട് ഉയർത്തിപ്പിടിക്കുന്നതാണ് പരസ്യമെന്നാണ് ആരോപണം. നേരത്തെ ഇറച്ചിവെട്ടുന്നയാളെ തൊഴിലിന്‍റെ പേരിൽ ആക്ഷേപിച്ചെന്ന പരാതി സുധാകരന്‍റെ മറ്റൊരു പ്രചാരണ പരസ്യത്തിനെതിരെ ഉയർന്നിരുന്നു.

എന്നാൽ ഇതെല്ലാം സ്ത്രീ വോട്ടർമാർക്കിടയിലെ തന്‍റെ സ്വീകാര്യത കുറക്കാനുള്ള സിപിഎം തന്ത്രമാണെന്നായിരുന്നു സുധാകരന്‍റെ പ്രതികരണം.

Follow Us:
Download App:
  • android
  • ios