തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥിപ്പട്ടികയായി. ജെഡിഎസ്സിനെ ഒഴിവാക്കി കോട്ടയം സീറ്റ് ഏറ്റെടുത്ത സിപിഎം പി. കരുണാകരനൊഴിച്ച് ബാക്കിയെല്ലാ സിറ്റിംഗ് എംപിമാർക്കും സീറ്റ് നൽകിയിട്ടുണ്ട്.

സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് സിപിഎം പാർലമെന്റ് മണ്ഡലം കമ്മിറ്റികളുടെ യോഗം ഇന്ന് ചേരും. ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് സ്ഥാനാർത്ഥി നിർണയവുമായി കൈക്കൊണ്ട തീരുമാനങ്ങൾ കമ്മിറ്റികൾ ചർച്ച ചെയ്യും. സംസ്ഥാന സമിതിയുടെയും ദേശീയ നേതൃത്വത്തിന്‍റെയും അംഗീകാരത്തോടെ വെള്ളിയാഴ്ച സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. 

പാർലമെന്‍റ് മണ്ഡലം കമ്മിറ്റികളുടെ അഭിപ്രായം കൂടി കണക്കിലെടുത്താവും അന്തിമ സ്ഥാനാർത്ഥി പട്ടിക. കോഴിക്കോട് എ പ്രദീപ് കുമാർ എംഎൽഎയ്ക്കാണ് സാധ്യത. വടകരയിൽ പി ജയരാജനെ ഇറക്കുമോ എന്ന ചോദ്യം നിൽക്കുന്നു. വി ശിവദാസിനും സാധ്യതയുണ്ട്. കോഴിക്കോട്ടും വടകരയിലും മുഹമ്മദ് റിയാസിന്‍റെ പേരും ഉണ്ട്.

ഉഴവൂർ ഗ്രാമപഞ്ചായത്ത് അംഗവും മുൻ പ്രസിഡന്‍റുമായ സിന്ധുമോൾ ജേക്കബാണ് കോട്ടയത്തെ സാധ്യതാ പട്ടികയിൽ മുൻപിൽ. പത്തനംതിട്ടയിൽ വീണാ ജോ‍‍ർജിനും രാജു എബ്രഹാമിനുമാണ് സാധ്യത. പൊന്നാനിയിൽ സ്വതന്ത്രസ്ഥാനാർത്ഥിയെ തേടുകയാണ് സിപിഎം.  

വടകര മണ്ഡലത്തിലേക്കാകട്ടെ, പി ജയരാജനെ ഇറക്കാനാണ് ആലോചന. വടക്കൻ കേരളത്തിൽ ജയരാജന്‍റെ ജനസമ്മതി വോട്ടാക്കാനാണ് സിപിഎം ലക്ഷ്യമിടുന്നത്. 

ഇതുവരെ തീരുമാനമായ മണ്ഡലങ്ങളും സ്ഥാനാർഥികളും:

1. ആറ്റിങ്ങൽ: എ സമ്പത്ത് 

2. ഇടുക്കി: ജോയ്‍സ് ജോർജ്(സ്വതന്ത്രൻ)

3. ആലപ്പുഴ: എ എം ആരിഫ്

4. കൊല്ലം: കെ എൻ ബാലഗോപാൽ

5. ചാലക്കുടി: ഇന്നസെന്‍റ്

6. മലപ്പുറം: വി പി സാനു

7. ആലത്തൂർ: പി കെ ബിജു

8. പാലക്കാട്: എം ബി രാജേഷ്

9. കണ്ണൂർ: പി കെ ശ്രീമതി

10. കാസർകോട്: കെ പി സതീഷ് ചന്ദ്രൻ

മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നേരിട്ട് ഘടകക്ഷികളുമായി ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. കഴിഞ്ഞ തവണ ജെഡിഎസ് മത്സരിച്ച കോട്ടയം സീറ്റ് കൂടി ഏറ്റെടുത്ത് ഇരുപതില്‍ പതിനാറ് സീറ്റിലും പാര്‍ട്ടി മത്സരിക്കണം എന്നതാണ് ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉയര്‍ന്ന അഭിപ്രായം. പാലക്കാട് സീറ്റ് കൂടി ഏറ്റെടുത്ത് 16 സീറ്റില്‍ മത്സരിക്കാനാണ് മുഖ്യഎതിരാളിയായ കോണ്‍ഗ്രസിന്‍റേയും ശ്രമം. 

ഒരു സീറ്റ് കിട്ടിയേ തീരൂ എന്ന കർക്കശ നിലപാട് ജെഡിഎസ് എടുത്തിട്ടുണ്ടെങ്കിലും ഇത് സിപിഎം മുഖവിലയ്ക്കെടുത്തിട്ടില്ല. കഴിഞ്ഞ തവണ പ്രത്യേക സാഹചര്യത്തിലാണ് കോട്ടയം സീറ്റ് ജെഡിഎസിന് കൊടുത്തത് എന്നാണ് സിപിഎം നിലപാട്.

കോട്ടയത്തിന് പകരം സീറ്റ് വേണമെന്ന് ജെഡിഎസ് ആവശ്യപ്പെട്ടെങ്കിലും ഉറപ്പൊന്നും നൽകാതെ ചർച്ച തുടരാം എന്നു മാത്രം പറഞ്ഞാണ് ജെഡിഎസ് നേതാക്കളെ മുഖ്യമന്ത്രിയും കോടിയേരിയും മടക്കിയത്.

വടകര ആവശ്യപ്പെട്ട ലോക് താന്ത്രിക് ജനതാദളുമായി നടത്തിയ ചർച്ചയിലും പ്രത്യേകിച്ച് ഉറപ്പൊന്നും സിപിഎം നൽകിയിട്ടില്ല. ബുധനാഴ്ച ജനാധിപത്യ കേരള കോൺ​ഗ്രസുമായും സിപിഎം ചർച്ച നടത്തുന്നുണ്ട്. കോട്ടയം അല്ലെങ്കിൽ പത്തനംതിട്ട - രണ്ടിലേതെങ്കിലും ഒരു സീറ്റ് എന്നതാണ് ഇവരുടെ ആവശ്യം.

സീറ്റ് വിഭജനത്തിൽ ഇനി വിട്ടുവീഴ്ച വേണ്ട എന്നതാണ് സിപിഎം നിലപാട് എങ്കിലും ചർച്ചകൾ തുടരും. കേരള കോൺ​ഗ്രസിനുള്ളിൽ മൂർച്ഛിക്കുന്ന മാണി-ജോസഫ് കലഹവും കൂടി അന്തിമ തീരുമാനമെടുക്കും മുൻപ് സിപിഎം പരി​ഗണിക്കും.

എന്തായാലും കൂടുതൽ പ്രശ്നങ്ങളില്ലാതെ ഈ ആഴ്ച തന്നെ ഇരുപത് മണ്ഡലത്തിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് ​ഗോദയിലേക്ക് ഇറങ്ങാനാവും എന്ന പ്രതീക്ഷയിലാണ് സിപിഎം നേതൃത്വം.