സംഗതി സീരിയസാണെന്ന് മനസിലാക്കിയതിന് പിന്നാലെ സിപിഎമ്മുും രംഗത്തിറങ്ങുകയാണ്. കോഴിക്കോട് മോചന യാത്രയെന്ന പേരില്‍ വോട്ടര്‍മാരിലേക്ക് എത്തുകയാണ് ലക്ഷ്യം. 

കോഴിക്കോട്: കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന്‍റെ പ്രചാരണയാത്രക്ക് മറുപടിയുമായി സിപിഎം. മണ്ഡലത്തില്‍ ഒരു വട്ടം എം കെ രാഘവന്‍ പ്രചാരണ പൂര്‍ത്തിയാക്കിയതില്‍ അപകടം മണത്ത സിപിഎം മറ്റൊരു യാത്രയുമായി എ പ്രദീപ്കുമാര്‍ എംഎല്‍എയെ രംഗത്തിറക്കിയിരിക്കുകയാണ്.

കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ എം കെ രാഘവന്‍ കളത്തിലിറങ്ങി. മണ്ഡലത്തിന്‍റെ മുക്കിലും മൂലയിലുമെത്തി കഴി‍ഞ്ഞ 10 വര്‍ഷത്തെ വികസന നേട്ടങ്ങള്‍ വോട്ടര്‍മാര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. വീണ്ടും പരിഗണിക്കണമെന്ന അപേക്ഷയും ജന ഹൃദയ യാത്രയിലൂടെ മുന്‍പോട്ട് വച്ചു.

സംഗതി സീരിയസാണെന്ന് മനസിലാക്കിയതിന് പിന്നാലെ സിപിഎമ്മുും രംഗത്തിറങ്ങുകയാണ്. കോഴിക്കോട് മോചന യാത്രയെന്ന പേരില്‍ വോട്ടര്‍മാരിലേക്ക് എത്തുകയാണ് ലക്ഷ്യം. ഡിവൈഎഫ്ഐ അഖിലേന്ത്യാധ്യക്ഷന്‍ മുഹമ്മദ് റിയാസ് മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ പാര്‍ട്ടി എ പ്രദീപ്കുമാര്‍ എംഎല്‍എയെയാണ് യാത്രക്കിറക്കുന്നത്.

എം കെ രാഘവന്‍റെ അവകാശ വാദങ്ങള്‍ പൊള്ളത്തരമാണെന്നാണ് എ പ്രദീപ്കുമാര്‍ വാദിക്കുന്നത്. കോഴിക്കോട് നോര്‍ത്ത് സൗത്ത് മണ്ഡലങ്ങളില്‍ നാല് ദിവസത്തെ പ്രചാരണമാണ് എംഎല്‍എ നടത്തുന്നത്. അതേ സമയം പ്രചാരണത്തിന് സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധമില്ലെന്നും എല്ലാ മണ്ഡലങ്ങളിലും എംഎല്‍എമാര്‍ പ്രചാരണത്തിനിറങ്ങുമെന്നുമാണ് സിപിഎം ജില്ലാ ഘടകം നല്‍കുന്ന വിശദീകരണം.