Asianet News MalayalamAsianet News Malayalam

ഹൈദരാബാദില്‍ പോരാട്ടം പൊടിപാറും; അസദുദ്ദീന്‍ ഒവൈസിയെ നേരിടാന്‍ അസറുദ്ദീന്‍ എത്തിയേക്കും

മണ്ഡലത്തില്‍ നാലാം വിജയം കൊതിക്കുന്ന അസദുദ്ദീന്‍ ഒവൈസിക്കെതിരെ  56 കാരനായ അസറുദ്ദീനെക്കാള്‍ മികച്ച ഒരു സ്ഥാനാര്‍ഥി മണ്ഡലത്തിലില്ലെന്ന വികാരമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പങ്കുവയ്ക്കുന്നത്

cricketer cum politician azharuddin may be the candidate in hyderabad against asaduddin owaisi
Author
Hyderabad, First Published Feb 28, 2019, 7:46 PM IST

ഹൈദരാബാദ്: തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദ് ലോക്സഭാ മണ്ഡലം പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളം സംബന്ധിച്ചടുത്തോളം അഭിമാനപോരാട്ടമാണ്. എന്നാല്‍ കഴിഞ്ഞ മൂന്ന് ദശകത്തിലേറെയായി ദേശീയ പാര്‍ട്ടികള്‍ ഇവിടെ കാഴ്ചക്കാരാണ്. 1989 മുതല്‍ എഐഎംഐഎം സ്ഥാനാര്‍ഥികള്‍ മാത്രമാണ് ഇവിടെ വിജയം സ്വന്തമാക്കിയിട്ടുള്ളത്. ഒരു കാലത്ത് തങ്ങളുടെ ശക്തി കേന്ദ്രമായിരുന്ന ഹൈദരാബാദ് തിരിച്ചുപിടിക്കാന്‍ കച്ച മുറുക്കുകയാണ് കോണ്‍ഗ്രസ്. സംസ്ഥാനത്തെ ഏറ്റവും താരത്തിളക്കമുള്ള സ്ഥാനാര്‍ഥിയെ തന്നെ കളത്തിലിറക്കി മണ്ഡലം പിടിക്കാമെന്ന പ്രതീക്ഷിയാണ് കോണ്‍ഗ്രസ്.

സംസ്ഥാന കോണ്‍ഗ്രസിന്‍റെ വര്‍ക്കിംഗ് പ്രസിഡന്‍റായി പ്രവര്‍ത്തിക്കുന്ന മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസറുദ്ദീനാകും കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കാനെത്തുകയെന്നാണ് വ്യക്തമാകുന്നത്. ഹൈദരാബാദിലെ ചുരുക്ക പട്ടികയില്‍ അസറുദ്ദീന്‍ ഇടം പിടിച്ചിട്ടുണ്ട്. മണ്ഡലത്തില്‍ നാലാം വിജയം കൊതിക്കുന്ന അസദുദ്ദീന്‍ ഒവൈസിക്കെതിരെ  56 കാരനായ അസറുദ്ദീനെക്കാള്‍ മികച്ച ഒരു സ്ഥാനാര്‍ഥി മണ്ഡലത്തിലില്ലെന്ന വികാരമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പങ്കുവയ്ക്കുന്നത്.

1984 ല്‍ സുല്‍ത്താന്‍ സലാഹുദ്ദീന്‍ ഒവൈസി വിജയിക്കുന്നതോടെയാണ് മണ്ഡലത്തില്‍ കോണ്‍ഗ്രസിന് അടിതെറ്റിയത്. പിന്നീട് ഒരിക്കല്‍ പോലും ഹൈദരാബാദില്‍ വിജയിക്കാന്‍ കോണ്‍ഗ്രസിനായിട്ടില്ല. സുല്‍ത്താന്‍ സലാഹുദ്ദീന്‍ ഒവൈസി 84 ല്‍ സ്വതന്ത്രനായിട്ടാണ് മത്സരിച്ച് ജയിച്ചതെങ്കില്‍ 89 ല്‍ എഐഎംഐഎം സ്ഥാനാര്‍ഥിയായെത്തിയാണ് വിജയം തുടര്‍ന്നത്. തുടര്‍ച്ചയായി ആറ് തവണ വിജയിച്ച അദ്ദേഹത്തിന്‍റെ പകരക്കാരനായി 2004 ലാണ് മകന്‍ അസദുദ്ദീന്‍ ഒവൈസി എത്തിയത്. 2009 ലും 2014 ലും അസദുദ്ദീന്‍ അനായാസം ജയിച്ചുകയറി. ഇക്കുറി അസറുദ്ദീന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായെത്തിയാല്‍ മികച്ച മത്സരം പ്രതീക്ഷിക്കാം എന്നാണ് വിലയിരുത്തലുകള്‍. ഹൈദരാബൈദ് സ്വദേശിയായ അസറുദ്ദീന്‍ നേരത്തെ ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ നിന്ന് ലോക്സഭയിലെത്തിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios