Asianet News MalayalamAsianet News Malayalam

കോൺ​ഗ്രസ് സ്ഥാനാർത്ഥി പട്ടിക നാളെ; ഘടകകക്ഷികൾക്ക് ഇനി സീറ്റില്ലെന്ന് രാഹുൽ

വയനാട്ടിൽ കെസി വേണു​ഗോപാൽ മത്സരിക്കണമെന്ന ശക്തമായ ആവശ്യം നിലനിൽക്കുന്നുണ്ട്. വടകരയിൽ മുല്ലപ്പള്ളിയില്ലെങ്കിൽ കെകെ രമയുടെ പേര് പരി​ഗണിക്കണം എന്ന് അഭിപ്രായം ഉയർന്നിട്ടുണ്ടെങ്കിലും കോൺ​ഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ​ഗാന്ധിയുടെ നിലപാട് നിർണ്ണായകമാണ് 

crucial election committee meeting today to decide congress candidates
Author
Delhi, First Published Mar 15, 2019, 11:06 AM IST

ദില്ലി: മുതിർന്ന നേതാക്കൾ മത്സരിക്കാനില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നതിനിടെ ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെ കണ്ടെത്താൻ ദില്ലിയിൽ നിർണ്ണായക യോ​ഗം. എഐസിസി അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സാന്നിദ്ധ്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേരുന്നത്. 

മത്സരിക്കാനില്ലെന്ന നിലപാടിൽ ഇപ്പോഴും മുതിര്‍ന്ന നേതാക്കൾ ഉറച്ച് നിൽക്കുന്നതും വലിയ ആശയക്കുഴപ്പമാണ് നേതൃത്വത്തിന് ഉണ്ടാക്കുന്നത്. പല മണ്ഡലങ്ങളിലും പകരം സ്ഥാനാര്‍ത്ഥികളെ കുറിച്ച് പോലും ധാരണയിലെത്താൻ കഴിയാത്ത അവസ്ഥയുമുണ്ട്. കോഴിക്കോട്ട് നിന്ന് ദില്ലി യാത്രക്കിടെ ഉമ്മൻചാണ്ടിയും കെസി വേണുഗോപാലും മുല്ലപ്പള്ളിയും മത്സരിക്കാനില്ലെന്ന കാര്യം കോൺഗ്രസ് അദ്ധ്യക്ഷനോട് ആവര്‍ത്തിച്ചതായാണ് വിവരം. തെരഞ്ഞെടുപ്പ് കമ്മിറ്റി ചേര്‍ന്ന ശേഷം അന്തിമ തീരുമാനം ആകാമെന്ന മറുപടിയാണ് രാഹുൽ ഗാന്ധി നൽകിയതെന്നും സൂചനയുണ്ട്. 

വടകര,വയനാട്, എറണാകുളം, ഇടുക്കി ,പത്തനംതിട്ട, ആലപ്പുഴ, ആറ്റിങ്ങൽ സീറ്റുകളിലെ സ്ഥാനാർഥികളെ സംബന്ധിച്ച് ധരണയിലെത്താൻ ഇതുവരെ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. പത്തനംതിട്ടയിൽ ഉമ്മൻചാണ്ടിയില്ലെങ്കിൽ ആന്‍റോ ആന്‍റണി തന്നെ വരുമെന്നാണ് ഏറ്റവും ഒടുവിലെ വിവരം.  കെസി വേണുഗോപാൽ മാറി നിൽക്കുന്ന സാഹചര്യത്തിൽ ആലപ്പുഴ ഷാനിമോൾ ഉസ്മാനെയും അടൂർ പ്രകാശിനേയുമാണ് പരിഗണിക്കുന്നത്. ആറ്റിങ്ങലിലും അടൂർ പ്രകാശിന്റെ പേരാണ് പരി​ഗണനയിൽ. എറണാകുളത്ത് സിറ്റിംഗ് എംപി കെവി തോമസിനെ വീണ്ടും കളത്തിലിറക്കുന്ന കാര്യത്തിലും അനിശ്ചിതത്വം നിലനിൽക്കുകയാണ്. 

വയനാട്ടിൽ കെസി വേണു​ഗോപാൽ മത്സരിക്കണമെന്ന ശക്തമായ ആവശ്യം ഇപ്പോഴും നേതൃത്വത്തിന് മുന്നിൽ നിലനിൽക്കുന്നുണ്ട്. 
വടകരയിൽ മുല്ലപ്പള്ളിയില്ലെങ്കിൽ കെകെ രമയുടെ പേര് പരി​ഗണിക്കണം എന്ന് അഭിപ്രായം ഉയർന്നിട്ടുണ്ട്. പക്ഷെ ഇക്കാര്യത്തിൽ കോൺ​ഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ​ഗാന്ധിയുടെ നിലപാട് നിർണ്ണായകമായിരിക്കും. ഇടുക്കിയിൽ പിജെ ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കാമെന്ന അഭിപ്രായത്തോടും ഹൈക്കമാന്‍റ് പ്രതികരണം അനുകൂലമല്ല. 

കോൺഗ്രസിന്‍റെ സീറ്റുകൾ പ്രത്യേകിച്ച് സിറ്റിംഗ് സീറ്റുകൾ മറ്റാര്‍ക്കും വിട്ട് കൊടുക്കേണ്ടതില്ലെന്ന ഉറച്ച നിലപാടിലാണ് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെന്നാണ് വിവരം. അതു കൊണ്ടു തന്നെ ഇടുക്കി സീറ്റിലും കേരളാ കോൺഗ്രസ് പ്രതിസന്ധി പരിഹരിക്കാൻ കോൺഗ്രസ് മുൻകയ്യെടുത്ത് നടത്തുന്ന പരിശ്രമങ്ങളിലും എല്ലാം കോൺഗ്രസ് ദേശീയ നേതൃത്വത്തിന്‍റെ നിലപാട് നിര്‍ണ്ണായകമാകും.
 

Follow Us:
Download App:
  • android
  • ios