Asianet News MalayalamAsianet News Malayalam

സീറ്റ് ഉറപ്പാക്കാൻ പുതിയ തന്ത്രം; ഡാനിഷ് അലി പാർട്ടി മാറിയത് ജെഡിഎസ് - ബിഎസ്‍പി ധാരണയിലൂടെ

ഉത്തർപ്രദേശിലെ അംറോഹ മണ്ഡലത്തിൽ നിന്ന് ഡാനിഷ് അലി മത്സരിച്ചേക്കും. അലിക്കെതിരെ സ്ഥാനാർഥിയെ നിർത്തരുതെന്ന് ദേവഗൗഡ രാഹുൽ ഗാന്ധിയോട് അഭ്യർഥിച്ചു.

danish ali moved from jds to bsp on a deal says kumaraswamy
Author
Bengaluru, First Published Mar 16, 2019, 5:33 PM IST

ബെംഗളൂരു: ജെഡിഎസ് വിട്ട് ബിഎസ്‍പിയിൽ ചേർന്ന മുൻ സെക്രട്ടറി ഡാനിഷ് അലി പാർട്ടി അനുവാദത്തോടെയാണ് പോയതെന്ന് കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. പാർട്ടി അധ്യക്ഷൻ എച്ച് ഡി ദേവഗൗഡയുടെ അനുമതിയോടെയാണ് ഡാനിഷ് അലി ബിഎസ്‍പിയിലേക്ക് പോയത്. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ജെഡിഎസ്സും ബിഎസ്പിയും തമ്മിലുണ്ടാക്കിയ ധാരണപ്രകാരമാണ് ഡാനിഷ് അലി പാർട്ടി മാറി മത്സരിക്കുന്നതെന്നാണ് കുമാരസ്വാമി പറയുന്നത്.

ലോക്സഭയിലെ പിന്തുണ കൂട്ടാനാണ് ഡാനിഷ് അലി പാർട്ടി മാറിയത്. ജെഡിഎസ്സും ബിഎസ്‍പിയും ഒന്നിച്ച് നിൽക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഡാനിഷ് അലി പാർട്ടി മാറി ജയസാധ്യതയുള്ള ഉത്തർപ്രദേശിൽ പോയി ബിഎസ്‍പി ടിക്കറ്റിൽ മത്സരിക്കും. അംറോഹ മണ്ഡലത്തിലാണ് ഡാനിഷ് അലി മത്സരിക്കാൻ സാധ്യത. ഇവിടെ ജെഡിഎസ്സും ഡാനിഷ് അലിയെ പിന്തുണയ്ക്കും. ഡാനിഷ് അലിക്കെതിരെ സ്ഥാനാർഥിയെ നിർത്തരുതെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയോട് എച്ച് ഡി ദേവഗൗഡ അഭ്യർഥിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ന് രാവിലെയാണ് ജനതാദൾ എസ് സെക്രട്ടറി ജനറൽ ഡാനിഷ് അലി ബിഎസ്പിയിൽ ചേർന്നത്. കർണാടകത്തിൽ കോൺഗ്രസ്‌ - ജെഡിഎസ് സീറ്റ് ചർച്ചകൾക്ക് നേതൃത്വം നൽകിയ ഡാനിഷ് അലി അപ്രതീക്ഷിതമായാണ് ലഖ്‌നൗവിൽ എത്തി ബിഎസ്പി അംഗത്വം എടുത്തത്. അംറോഹ മണ്ഡലത്തിൽ ബിഎസ്പി സ്ഥാനാർത്ഥിയായി ഡാനിഷ് അലി മത്സരിച്ചേക്കും.

നിലവിൽ കർണാടകത്തിലെ കോൺഗ്രസ്‌ ജെഡിഎസ് ഏകോപന സമിതി കൺവീനർ ആണ് ഡാനിഷ് അലി. തുടർച്ചയായി രണ്ട് തവണ രാജ്യസഭാ സീറ്റ് നിഷേധിച്ചതിൽ ഡാനിഷ് അലി അതൃപ്തനായിരുന്നു. മൂന്ന് വർഷം മുമ്പും പാർട്ടി വിടാൻ ഒരുങ്ങിയെങ്കിലും എച്ച് ഡി ദേവഗൗഡയുടെ ഇടപെടലിൽ തീരുമാനം മാറ്റി. ഇത്തവണ ദേവഗൗഡയുടെ അനുഗ്രഹത്തോടെയാണ് ബിഎസ്പിയിൽ ചേരുന്നത് എന്ന് ഡാനിഷ് അലി പറഞ്ഞു. 

Follow Us:
Download App:
  • android
  • ios