രാജ്മോഹൻ ഉണ്ണിത്താന്‍റെ സ്ഥാനാർഥിത്വത്തിൽ പ്രതിഷേധിച്ച് ഭാരവാഹിത്വം രാജിവയ്ക്കാനൊരുങ്ങുന്ന ഡിസിസി അംഗങ്ങൾക്ക് മുന്നറിയിപ്പുമായി രമേശ് ചെന്നിത്തല. അച്ചടക്കം ലംഘിക്കരുത്, നടപടി വരും.
കാസർകോട്: മണ്ഡലത്തിൽ രാജ്‍മോഹൻ ഉണ്ണിത്താനെ സ്ഥാനാർഥിയാക്കിയതിനെതിരെ കാസർകോട് ഡിസിസിയിൽ അമർഷം പുകയുമ്പോൾ അനുനയനീക്കവുമായി സംസ്ഥാനനേതൃത്വം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡിസിസി ഭാരവാഹികളുമായി ഫോണിൽ സംസാരിച്ചു. 18 പേർ ഭാരവാഹിത്വം രാജിവയ്ക്കുമെന്ന് പ്രഖ്യാപിച്ച ഡിസിസി സെക്രട്ടറി അഡ്വ. ഗോവിന്ദനോട്, അച്ചടക്കം ലംഘിച്ചാൽ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല മുന്നറിയിപ്പ് നൽകി. തെരഞ്ഞെടുപ്പ് കാലത്ത് പ്രശ്നങ്ങളുണ്ടാക്കാതെ യോജിച്ച് മുന്നോട്ട് പോകണമെന്ന് ചെന്നിത്തല നിർദേശിച്ചിട്ടുണ്ട്.
സ്ഥാനാർഥിയാകുമെന്ന് അവസാനനിമിഷം വരെ കരുതപ്പെട്ടിരുന്ന സുബ്ബ റായിയെ മാറ്റി രാജ്മോഹൻ ഉണ്ണിത്താന് സീറ്റ് നൽകിയതിനെതിരെ സ്ഥാനാർഥിപ്പട്ടിക വന്ന് മണിക്കൂറുകൾക്കകം തന്നെ ജില്ലാ നേതൃത്വം രംഗത്ത് വന്നിരുന്നു. ഒരു വിഭാഗം ജില്ലാ നേതാക്കൾ രാജി ഭീഷണി തന്നെ ഉയർത്തി. 18 പേർ ഭാരവാഹിത്വം രാജി വയ്ക്കുമെന്ന് ഡിസിസി സെക്രട്ടറി അഡ്വ. ഗോവിന്ദൻ പ്രഖ്യാപിച്ചു. നേതൃത്വത്തോടുള്ള പ്രതിഷേധ സൂചകമായി സുബ്ബ റായിയും കെപിസിസി അംഗത്വം രാജിവയ്ക്കുമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി വ്യക്തമാക്കി.
ജില്ലയിൽ നിന്നുള്ള ആളെ മത്സരിപ്പിക്കണമെന്ന ആവശ്യം മുന്‍ നിര്‍ത്തിയാണ് ഒരു വിഭാഗം പ്രവർത്തകരുടെ പ്രതിഷേധം. ഇന്ന് പ്രവർത്തകർ യോഗം ചേരാനിരിക്കെയാണ് ചെന്നിത്തലയുടെ വിളി വരുന്നത്. യോഗം ചേർന്ന് നേതൃസ്ഥാനങ്ങളിൽ നിന്ന് രാജിവെക്കുന്നതടക്കമുള്ള തീരുമാനങ്ങൾ എടുക്കുമെന്ന് വ്യക്തമായ സാഹചര്യത്തിലാണ് സംസ്ഥാനനേതൃത്വം ഇടപെട്ടത്.
വികാരപ്രകടനമെന്ന് ഉണ്ണിത്താൻ, പ്രശ്നമില്ലെന്ന് ഡിസിസി പ്രസിഡന്‍റ്
എന്നാൽ കാസർകോട്ട് ഒരു പ്രശ്നവുമില്ലെന്നാണ് ഡിസിസി പ്രസിഡന്‍റ് ഹക്കീം കുന്നേൽ പറയുന്നത്. നല്ല ജയസാധ്യതയുള്ള സ്ഥാനാർഥിയാണ് ഉണ്ണിത്താൻ. ഇപ്പോൾത്തന്നെ പ്രചാരണം തുടങ്ങി. തന്നോട് ഇതുവരെ ആരും പരാതി പറഞ്ഞില്ലെന്നും ഡിസിസി പ്രസിഡന്‍റ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
എന്നാൽ കാസര്‍കോട് ജില്ലാ കമ്മിറ്റിയില്‍ പൊട്ടിത്തെറിയില്ലെന്നും സുബ്ബറായിയുടെ പ്രതികരണം സീറ്റ് നിഷേധിച്ചതിലെ വികാരപരമായ സമീപനം മാത്രമാണെന്നുമായിരുന്നു ഉണ്ണിത്താന്‍റെ പ്രതികരണം. കോണ്‍ഗ്രസിന് എതിരായി ചിന്തിക്കാന്‍ പോലും പറ്റാത്ത പശ്ചാത്തലമുള്ള വ്യക്തിയാണ് അദ്ദേഹമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
ജില്ല ഒറ്റക്കെട്ടായി തന്നോടൊപ്പമുണ്ട്. അമ്പതു വര്‍ഷമായി താന്‍ രാഷ്ട്രീയ പ്രവര്‍ത്തന രംഗത്തുണ്ട്. എന്നാല്‍ രാജ് മോഹനോട് പാര്‍ട്ടി നീതി കാണിച്ചില്ലെന്ന് പാര്‍ട്ടിയില്‍ ഉള്ളവര്‍ മാത്രമല്ല പറഞ്ഞിട്ടുള്ളത്. തന്നെ അംഗീകരിക്കണമെന്നും പാര്‍ട്ടി സീറ്റ് നല്‍കണമെന്നും ആവശ്യപ്പെട്ടത് ജനങ്ങളാണ്. തനിക്ക് ഒരു സീറ്റ് തന്നത് അംഗീകരിക്കാത്ത ഒരാള്‍ പോലും കേരളത്തിലുണ്ടാവില്ല. പാര്‍ട്ടിക്ക് വേണ്ടി ഇത്ര കഷ്ടപ്പെട്ട ഒരാള്‍ എന്ന നിലയില്‍ എന്നോട് എല്ലാവര്‍ക്കും സഹതാപമാണുള്ളത്.
പാര്‍ട്ടിയ്ക്കകത്തോ പുറത്തോ എനിക്ക് ഒരു സ്ഥാനാര്‍ത്ഥിത്വം നല്‍കുന്നതില്‍ ആര്‍ക്കും എതിര്‍പ്പുണ്ടാകില്ല. എന്നോട് പാര്‍ട്ടി നീതി പുലര്‍ത്തിയില്ലെന്ന് എല്ലാവരും ഒരേ സ്വരത്തിലാണ് പറഞ്ഞത്. എതിരെ കേള്‍ക്കുന്ന ഒറ്റപ്പെട്ട ശബ്ദങ്ങള്‍ അങ്ങനെ തന്നെ കാണാന്‍ സാധിക്കണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. കാസര്‍കോടെത്തി സുബ്ബറായിയെ കാണും. എന്‍റെ മുഖം കണ്ടാല്‍ ഒരിക്കലും എതിര്‍വാക്ക് പറയാന്‍ സുബ്ബറായിക്ക് സാധിക്കില്ലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ പറയുന്നു.