സംസ്ഥാനത്തെ കോണ്‍ഗ്രസിന്‍റെ പ്രതീക്ഷയാകെ രാഹുല്‍ ഫാക്ടറിലാണ്. നേരത്തെ നിശ്ചയിച്ചതില്‍ കൂടുതല്‍ കേന്ദ്രങ്ങളില്‍ രാഹുലിനെ എത്തിക്കണമെന്നാണ് വയനാട്  ഡിസിസിയുടെ ആവശ്യം.

വയനാട്: രാഹുല്‍ ഗാന്ധിയെ വയനാട് മണ്ഡലത്തിലെ കൂടുതല്‍ കേന്ദ്രങ്ങളിലെത്തിക്കണമെന്ന് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം എഐസിസിയോട് ആവശ്യപ്പെട്ടു. രാഹുല്‍ നേരിട്ടെത്തിയാല്‍ വമ്പന്‍ ഭൂരിപക്ഷം ഉറപ്പാക്കാമെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. അതേസമയം, പരമാവധി വോട്ടര്‍മാരെ നേരിട്ട് കാണാനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി പി സുനീറിന്‍റെ നീക്കം.

സംസ്ഥാനത്തെ കോണ്‍ഗ്രസിന്‍റെ പ്രതീക്ഷയാകെ രാഹുല്‍ ഫാക്ടറിലാണ്. യുഡിഎഫ് പ്രവര്‍ത്തകരെ ഇളക്കിമറിച്ച റോഡ്ഷോയ്ക്ക് ശേഷം, വരുന്ന 16,17 തീയതികളില്‍ കേരളത്തിലെത്തുന്ന രാഹുലിനെ പരമാവധി മണ്ഡലങ്ങളിലെത്തിക്കാനുളള നീക്കം ശക്തമാണ്. അതിനിടയാണ് നേരത്തെ നിശ്ചയിച്ചതില്‍ കൂടുതല്‍ കേന്ദ്രങ്ങളില്‍ രാഹുലിനെ എത്തിക്കണമെന്ന ആവശ്യം വയനാട് ഡിസിസി ഉന്നയിച്ചത്. 

കല്‍പ്പറ്റയില്‍ റോഡ് ഷോ നടത്തിയ സാഹചര്യത്തില്‍ ജില്ലയ്ക്കു പുറത്തുളള നിലമ്പൂര്‍, ഏറനാട്, തിരുവമ്പാടി മേഖലകളില്‍ രാഹുലിനെ ഇറക്കാനായിരുന്നു ആദ്യ ആലോചന. എന്നാല്‍ ഇടതു മുന്നണിക്ക് അടിത്തറയുളള ബത്തേരി മാനന്തവാടി നിയോജക മണ്ഡലങ്ങളില്‍ കൂടി രാഹുലെത്തുന്നത് ഭൂരിപക്ഷം ഉയര്‍ത്താന്‍ സഹാായിക്കുമെന്നാണ് ഡിസിസിയുടെ നിലപാട്. 

അതേസമയം മണ്ഡലത്തില്‍ മൂന്നുവട്ടം പര്യടനം പൂര്‍ത്തിയാക്കിയ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി പി സുനീര്‍ ഇതിനകം അഞ്ച് ലക്ഷത്തിലേറെ വോട്ടര്‍മാരെ താന്‍ നേരിട്ട് കണ്ടതായി അവകാശപ്പെടുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെളളാപ്പളളി മണ്ഡലത്തില്‍ രണ്ടാം ഘട്ട പ്രചാരണമാണ് നടത്തുന്നത്.