ബംഗളൂരു: ജെഡിഎസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡയെ പരിഹസിച്ച് ബിജെപി കര്‍ണാടക അധ്യക്ഷന്‍ ബി എസ് യെദ്യൂരപ്പ. ഏഴ് സീറ്റുകളിലേ മത്സരിക്കുന്നുള്ളെങ്കിലും ദേവഗൗഡയുടെ ഉന്നം പ്രധാനമന്ത്രിക്കസേരയല്ലാതെ മറ്റൊന്നുമല്ല എന്നാണ് യെദ്യൂരപ്പ അഭിപ്രായപ്പെട്ടത്. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായാല്‍ അദ്ദേഹത്തിന്‍റെ അരികില്‍ തന്നെ താനുണ്ടാകുമെന്ന് ദേവഗൗഡ പറഞ്ഞതിന് പിന്നാലെയാണ് യെദ്യൂരപ്പയുടെ പരാമര്‍ശം.

ദേവഗൗഡയുടെ പ്രസ്താവന പ്രധാനമന്ത്രിയാകാനോ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവാകാനോ ഉള്ള ആഗ്രഹത്തെയാണ് സൂചിപ്പിക്കുന്നതെന്നാണ് യെദ്യൂരപ്പ പറയുന്നത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്കിയ അഭിമുഖത്തിലാണ് യെദ്യൂരപ്പ ഇക്കാര്യം പറഞ്ഞത്. ജെഡിഎസ് കര്‍ണാടകത്തില്‍ ഏഴ് സീറ്റുകളിലാണ് ഇക്കുറി മത്സരിക്കുന്നത്. ദേവഗൗഡ പൊതുസമ്മതനായ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് മകനും കര്‍ണാടക മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. 

ഇനി തെരഞ്ഞെടുപ്പ് രംഗത്തേക്കില്ലെന്ന് മൂന്ന് വര്‍ഷം മുമ്പ് ദേവഗൗഡ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം തന്നെ വീണ്ടും മത്സരരംഗത്തെത്തിച്ചെന്നാണ് പിന്നീട് അദ്ദേഹം നിലപാട് സ്വീകരിച്ചത്. സ്ഥാനമാനങ്ങള്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ സജീവരാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.