സംസ്ഥാനത്തിന്റെ വികസനത്തിൽ മമത ബാനാർജി സ്‌പീഡ് ബ്രേക്കറാണെന്ന് മോദി പറഞ്ഞു. പശ്ചിമ ബംഗാളിലെ സിലിഗുരിയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവേയാണ് മമത ബാനർജിയ്ക്കെതിരെ മോദിയുടെ പരാമർശം.
ദില്ലി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയ്ക്കെതിരെ വിവാദ പരാമർശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തിന്റെ വികസനത്തിൽ മമത ബാനാർജി സ്‌പീഡ് ബ്രേക്കറാണെന്ന് മോദി പറഞ്ഞു. പശ്ചിമ ബംഗാളിലെ സിലിഗുരിയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവേയാണ് മമത ബാനർജിയ്ക്കെതിരെ മോദിയുടെ പരാമർശം.
മറ്റ് സംസ്ഥാനങ്ങളിലേത് പോലെ പശ്ചിമ ബംഗാളിൽ വികസനം പെട്ടെന്ന് സാധ്യമാക്കാനാകില്ല. കാരണം അവിടെയൊരു സ്പീഡ് ബ്രേക്കറുണ്ട്. അവരുടെ പേരാണ് ദീദി. അവർക്ക് സംസ്ഥാനത്തെ ദാരിദ്രം മാറ്റണമെന്നൊന്നുമില്ല. ദാരിദ്രം ഇല്ലാതായാൽ അവരുടെ പദ്ധതികളൊന്നും നടക്കില്ല. അവരൊരിക്കലും ദാരിദ്രം ഇല്ലാതാക്കാൻ ശ്രമിക്കില്ല. അതുകൊണ്ടാണ് അവർ പാവപ്പെട്ടവർക്കായുള്ള വികസന പദ്ധതികൾ നിർത്തിവയ്ക്കുന്നതെന്നും മോദി ആരോപിച്ചു.
കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത് പദ്ധതിയെ തള്ളിയ മമത ബാനർജിയുടെ നിലപാടിനെതിരേയും മോദി വിമർശിച്ചു. കേന്ദ്രസർക്കാരിന്റെ പദ്ധതികൾ അവസാനിപ്പിക്കുന്നതിനുള്ള മമതാ ബാനർജിയുടെ പട്ടിക നീണ്ടതാണ്. പാവപ്പെട്ടവർക്ക് അഞ്ച് ലക്ഷം രൂപവരെ ചികിത്സ സഹായം ലഭിക്കുന്ന ആയുഷ്മാൻ ഭാരത് പദ്ധതി വരെ ബംഗാളിൽ മമത ബാനർജി തടഞ്ഞു അവർ പാവപ്പെട്ടവർക്കായി എന്താണ് ചെയ്തതെന്നും മോദി ചോദിച്ചു. 70 ലക്ഷം കർഷകർക്കുള്ള വികസന പദ്ധതികളാണ് അവർ നിർത്തി വച്ചത്. ജനങ്ങളുടെ പണം കൊള്ളയടിക്കുന്ന കെട്ടിട നിർമാണ കമ്പനികളുടെ നടപടി തടയുന്ന റെറ പദ്ധതിവരെ മമത ബാനാർജി നിർത്തി വച്ചതായി മോദി പറഞ്ഞു.
