കോഴിക്കോട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതനിടെ നിലപാടില്‍ മലക്കം മറിഞ്ഞ് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കും എന്നു താന്‍ പറഞ്ഞിട്ടില്ലെന്നും രാഹുല്‍ കേരളത്തില്‍ നിന്നും മത്സരിക്കണം എന്ന് ആവശ്യപ്പെടുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും ഉമ്മന്‍ചാണ്ടി കോഴിക്കോട് പറഞ്ഞു. 

 രാഹുല്‍ ജി മത്സരിക്കുമെന്ന് ഞാനൊരിക്കലും പറഞ്ഞിട്ടില്‍ രാഹുല്‍ ജി കേരളത്തില്‍ മത്സരിക്കണം എന്ന ആവശ്യം ഉന്നയിക്കുക മാത്രമാണ് ചെയ്തത്. തമിഴ്നാട്ടില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നും അദ്ദേഹം അവിടെ മത്സരിക്കണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ അദ്ദേഹം കേരളത്തില്‍ വന്ന് മത്സരിക്കണമെന്ന ആവശ്യം ഉന്നയിക്കുക മാത്രമാണ് ഞാന്‍  ചെയ്തത്. 

മത്സരിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ സൂചന നല്‍കാന്‍ രാഹുലിന് മാത്രമേ സാധിക്കൂ. മത്സരിക്കുമെന്ന സൂചന ഒരു ഘട്ടത്തിലും രാഹുല്‍ജി നല്‍കിയിരുന്നില്ല. വയനാട് സീറ്റില്‍ ഇനിയും തീരുമാനം വൈകില്ല വേഗത്തില്‍ തന്നെ ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനം പ്രഖ്യാപിക്കും. രാഹുല്‍ ജി കേരളത്തില്‍ നിന്നും മത്സരിക്കും എന്നു തന്നെയാണ് പ്രതീക്ഷ - കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ മാധ്യമങ്ങളെ കണ്ട ഉമ്മന്‍ചാണ്ടി പറഞ്ഞു.