കൊല്ലം: കൊല്ലത്തെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ അതൃപ്തിയുമായി ബിജെപിയിലെ ഒരു വിഭാഗം പരസ്യമായി രംഗത്ത്. വോട്ട് മറിക്കാൻ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ശ്രമം നടക്കുന്നുവെന്നാരോപിച്ച് യുവമോര്‍ച്ച മുൻ സംസ്ഥാന വൈസ്പ്രസിഡന്‍റിന്‍റെ നേതൃത്വത്തിലാണ് പ്രതിഷേധം.

കൊല്ലത്ത് ബിജെപി ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ ഇറക്കിയത് യുഡിഎഫിനെ സഹായിക്കാനാണെന്ന ആക്ഷേപമായിരുന്നു എല്‍ഡിഎഫിന്. ബിജെപിക്കുള്ളില്‍ തന്നെ സ്ഥാനാര്‍ത്ഥിയോട് എതിര്‍പ്പുണ്ടെങ്കിലും ആദ്യമായാണ് പരസ്യമായി രംഗത്ത് വരുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ മുന്നണിക്ക് കൂടുതല്‍ വോട്ട് ലഭിക്കാൻ സാധ്യതയുണ്ടെങ്കിലും പ്രവര്‍ത്തനം നടക്കുന്നില്ലെന്ന് ഇവര്‍ പറയുന്നു.

നേതൃത്വത്തിനോട് അതൃപ്തിയുള്ള പ്രവര്‍ത്തകര്‍ ചേര്‍ന്ന് മേക്ക് എ വിഷൻ എന്ന സന്നദ്ധ സംഘടന രൂപീകരിച്ചു. ജില്ലയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും സംഘടനയുടെ പേരില്‍ കമ്മിറ്റികളുണ്ടാക്കാനാണ് തീരുമാനം. തല്‍ക്കാലം പാര്‍ട്ടി വിടില്ലെന്നും തെരഞ്ഞടുപ്പ് ഫലം വന്നശേഷം തീരുമാനം എടുക്കുമെന്നും ഇവര്‍ വ്യക്തമാക്കി

എന്നാല്‍ അതൃപ്തിയുള്ളവര്‍ക്ക് പാര്‍ട്ടിക്കുള്ളില്‍ പരാതി ഉന്നയിക്കാമെന്ന് ജില്ലാ പ്രസിഡന്‍റ് ജി ഗോപിനാഥ് വ്യക്തമാക്കി. പരസ്യപ്രസ്താവന സംസ്ഥാന നേതൃത്വത്തിന്‍റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു