തൃശൂര്‍: തെരഞ്ഞെടുപ്പിന്‍റെ മാതൃകാ പെരുമാറ്റച്ചട്ടം നടപ്പിലാക്കാനുള്ള ഉത്തരവാദിത്വത്തിലും നിലപാടിലും ഉറച്ച് തൃശൂര്‍ കളക്ടര്‍ ടി വി അനുപമ. രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും വോട്ടര്‍മാരുടെ ജാതിയുടെയും സാമുദായിക വികാരത്തിന്‍റെയും അടിസ്ഥാനത്തില്‍ വോട്ട് തേടരുതെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ടി വി അനുപമ ആവര്‍ത്തിച്ചിരിക്കുകയാണ്. 

ജാതികള്‍, സമുദായങ്ങള്‍, മതവിഭാഗങ്ങള്‍, ഭാഷാവിഭാഗങ്ങള്‍ എന്നിവ തമ്മിലെ ഭിന്നതക്ക് ആക്കം കൂട്ടുന്നതോ പരസ്പര വിദ്വേഷമോ സംഘര്‍ഷമോ ജനിപ്പിക്കുന്നതോ ആയ ഒരു പ്രവര്‍ത്തനത്തിലും ഏര്‍പ്പെടരുത്. ക്ഷേത്രങ്ങള്‍, മുസ്‌ലിം പളളികള്‍, ചര്‍ച്ചുകള്‍, ഗുരുദ്വാരകള്‍ മറ്റ് ആരാധനാലയങ്ങള്‍ എന്നിവ പ്രസംഗം, പോസ്റ്ററുകള്‍, പാട്ടുകള്‍ എന്നിങ്ങനെ ഒരു തരത്തിലുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിനും തെരഞ്ഞെടുപ്പ് പ്രക്രിയക്കുമുള്ള വേദിയായി ഉപയോഗിക്കരുത്. 

മറ്റു പാര്‍ട്ടികളുടെ നേതാക്കന്‍മാരുടെയും പ്രവര്‍ത്തകരുടെയും പൊതുപ്രവര്‍ത്തനവുമായി ബന്ധമില്ലാത്ത സ്വകാര്യജീവിതത്തിന്‍റെ വിവിധ വശങ്ങളെക്കുറിച്ച് പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും വിമര്‍ശിക്കരുതെന്നും കളക്ടര്‍ വ്യക്തമാക്കി. പരിശോധിക്കപ്പെടാത്ത ആരോപണത്തിന്‍റെ പേരിലും വളച്ചൊടിച്ചും നടത്തുന്ന വിമര്‍ശനങ്ങള്‍ ഒഴിവാക്കണമെന്നും കമീഷന്‍ വ്യക്തമാക്കുന്നു. രാജ്യത്തിന്‍റെ സൈനികരുടെ ചിത്രങ്ങളോ സൈനികര്‍ പങ്കെടുത്ത പരിപാടികളുടെ ചിത്രങ്ങളോ രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള പരസ്യങ്ങളില്‍ ഉപയോഗിക്കരുതെന്നാണ് കമീഷന്‍ നിര്‍ദ്ദേശം. സൈനികര്‍ ഉള്‍പ്പെടുന്ന പ്രവൃത്തികളും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗപ്പെടുത്താന്‍ പാടില്ലെന്ന് കമ്മിഷന്‍ നിര്‍ദ്ദേശങ്ങളെ ഉദ്ധരിച്ച് ടി വി അനുപമ വ്യക്തമാക്കി.

കളക്ടറുടെ നിലപാടും ഇതിനെ പിന്തുണച്ച് സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറായ ടിക്കാറാം മീണയുടെ പ്രസ്താവനയും ബിജെപി കേന്ദ്രങ്ങളെ പ്രകോപിതരാക്കിയിട്ടുണ്ട്. 'അയ്യന്‍റെ അര്‍ത്ഥം പരിശോധിക്കണമെന്നും ഇഷ്ടദേവന്‍റെ പേരുപറയാന്‍ പാടില്ലെന്നതിനെ ജനങ്ങള്‍ കൈകാര്യം ചെയ്യും' മെന്നുമാണ് സുരേഷ്‌ഗോപി കഴിഞ്ഞ ദിവസം കലക്ടറെ ഉദ്ദ്യേശിച്ച് പറഞ്ഞത്. പ്രസംഗത്തില്‍ ഉറച്ചുനില്‍ക്കുന്നെന്നും താന്‍ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നും ബിജെപി സ്ഥാനാര്‍ത്ഥി ആവര്‍ത്തിച്ചിരുന്നു. 

കളക്ടറുടെ നിലപാട് അസംബന്ധമാണെന്നാണ് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ പ്രതികരിച്ചത്. നവോത്ഥാന മതിലില്‍ പങ്കെടുത്ത കളക്ടര്‍ അനുപമ പിണറായി സര്‍ക്കാരിന് ഓശാന പാടുകയാണെന്നും സര്‍ക്കാരിന്‍റെ ദത്തുപുത്രിയാകാന്‍ ശ്രമിക്കുകയാണെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. തമിഴിലും പാലിയിലും അയ്യന്‍ എന്ന വാക്കിന്‍റെ അര്‍ത്ഥം അച്ഛന്‍, ചേട്ടന്‍, ഭിക്ഷു എന്നൊക്കെയാണ്. ശബരിമല വിഷയം ബിജെപിയുടെ പ്രചാരണ വിഷയം തന്നെയാണ്. കലക്ടറോ കമ്മിഷണറോ ആര് തടയാന്‍ ശ്രമിച്ചാലും ഞങ്ങളത് ജനമധ്യത്തില്‍ ഉയര്‍ത്തുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

അതേസമയം സുരേഷ്‌ഗോപി നടത്തിയ പ്രസംഗം ജനപ്രാതിനിധ്യ നിയമത്തിന്‍റെ  123(3) വകുപ്പിന്റെ ലംഘനമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. 2017 ല്‍ സുപ്രീം കോടതിയുടെ ഏഴംഗബെഞ്ച് ഈ വകുപ്പ് സംബന്ധിച്ച് നല്‍കിയ വിധിക്കും എതിരാണ് ബിജെപി സ്ഥാനാര്‍ത്ഥിയുടെ പ്രസംഗം. ജയിച്ചാല്‍ അദ്ദേഹത്തെ അയോഗ്യനാക്കാന്‍ തക്ക നിയമലംഘനമാണത്. സമാനമായ സംഭവത്തിന്‍റെ പേരിലാണ് ഇതേ വകുപ്പ് മുന്‍നിര്‍ത്തി ലീഗ് നേതാവ് കെ എം ഷാജിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കിയിട്ടുള്ളത്. പി സി തോമസിന്‍റെ തെരഞ്ഞെടുപ്പും മുമ്പ് ഇതേ വകുപ്പ് അനുസരിച്ച് അസാധുവാക്കിയിരുന്നു.