തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇക്കുറി കേരളത്തിൽ നിർണ്ണായക സ്വാധീനം അപരന്മാർ ചെലുത്തിയേക്കും. സംസ്ഥാനത്ത് 60 ശതമാനത്തിലേറെ സീറ്റുകളിലും അപരന്മാരുള്ളത് ഇടത്-വലത് മുന്നണികൾക്ക് കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ യ്ക്ക് അപരന്മാരുടെ ശല്യം കാര്യമായില്ല.

ഇടതുകോട്ടയായ കാസർഗോഡ് ഇക്കുറി അപരന്മാരില്ല. എന്നാൽ കണ്ണൂരിൽ സ്ഥിതി വളരെ സങ്കീർണ്ണമാണ്. ഇവിടെ ഇടത് സ്ഥാനാർത്ഥിയായ പികെ ശ്രീമതിക്ക് രണ്ട് അപരന്മാരാണ് ഉള്ളത്. കല്യാശേരി സ്വദേശിനി ശ്രീമതിയും പുന്നാട് സ്വദേശിനി കെ ശ്രീമതിയും. ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥിയായ കെ സുധാകരന് മൂന്ന് അപരന്മാരാണ് ഉള്ളത്. മൊറാഴ സ്വദേശി സുധാകരനും മുഴപ്പാല സ്വദേശി സുധാകരനും ഉളിക്കൽ സ്വദേശി പികെ സുധാകരനും. 

വടകരയിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരനാണ് അപര ശല്യം. രണ്ട് കെ മുരളീധരന്മാരാണ് ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ അതേ പേരിൽ മത്സരിക്കുന്നത്. മമ്പറം സ്വദേശിയാണ് ഒരാൾ. മറ്റൊരാൾ കുറ്റ്യാടിക്കടുത്ത് അരൂർ സ്വദേശിയും.

മലപ്പുറത്ത് സിപിഎം സ്ഥാനാർത്ഥി വിപി സാനുവിന് വേങ്ങരയിൽ നിന്നുള്ള എൻകെ സാനുവാണ് അപരൻ. പൊന്നാനിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ഇടി മുഹമ്മദ് ബഷീറിന്റെ വോട്ട് അരീക്കോട് നിന്നുള്ള മുഹമ്മദ് ബഷീർ വിഴുങ്ങുമോയെന്നാണ് മുസ്ലീം ലീഗിന്റെ ഭയം. 

വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെയാണ് കൂടുതൽ അപര ഭീഷണിയുള്ളത്. കോയമ്പത്തൂർ സ്വദേശി കെ രാഹുൽ ഗാന്ധി, കോട്ടയം മുട്ടപ്പള്ളി സ്വദേശി കെഇ രാഹുൽ ഗാന്ധി എന്നിവരാണ് രാഹുൽ ഗാന്ധിക്ക് ഭീഷണി ഉയർത്തുന്നത്. മറ്റ് സ്ഥാനാർത്ഥികൾക്ക് അപരന്മാരില്ല.

പാലക്കാട് സിറ്റിങ് എംപി എംബി രാജേഷിനെതിരെ മത്സരിക്കുന്നത് മൂന്ന് അപരന്മാരാണ്. പാലക്കാട് അത്തിപ്പൊറ്റ സ്വദേശി എം.രാജേഷ്, കൊപ്പം സ്വദേശി പിവി രാജേഷ്, തെങ്കര സ്വദേശി പി.രാജേഷ് എന്നിവരാണ് ഇവർ.

ആലത്തൂരിലും തൃശ്ശൂരിലും ചാലക്കുടിയിലും അപരന്മാരെ പേടിക്കേണ്ട. പക്ഷെ എറണാകുളത്ത് സിപിഎം സ്ഥാനാർത്ഥി പി.രാജീവിന് ഭീഷണി അംബേദ്‌കറൈറ്റ് പാർട്ടി ഓഫ് ഇന്ത്യ സ്ഥാനാർത്ഥി രാജീവാണ്. ഇടുക്കിയിലും കോട്ടയത്തും ആലപ്പുഴയിലും മാവേലിക്കരയിലും അപരന്മാരെ പ്രധാന സ്ഥാനാർത്ഥികൾക്ക് പേടിക്കേണ്ട കാര്യമില്ല. 

എന്നാൽ ശക്തമായ ത്രികോണ മത്സരം നടക്കുന്ന പത്തനംതിട്ടയിൽ ഇടത് സ്ഥാനാർത്ഥി സിപിഎമ്മിന്റെ വീണ ജോർജ്ജിനെതിരെ വി.വീണയാണ് രംഗത്തുള്ളത്. കരുനാഗപ്പള്ളിക്കാരിയാണ് വി വീണ.

ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികളുള്ള കേരളത്തിലെ രണ്ടാമത്തെ മണ്ഡലമായ ആറ്റിങ്ങലിൽ യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിനാണ് വെല്ലുവിളി. കാട്ടാക്കട സ്വദേശി എസ് പ്രകാശ്, ആറ്റിങ്ങൽ ആൽത്തറമൂട് സ്വദേശി പ്രകാശ് എന്നിവരാണ് അപരന്മാർ. തിരുവനന്തപുരത്ത് സിറ്റിങ് എംപിയും കോൺഗ്രസ് നേതാവുമായ ശശി തരൂരിനെതിരെ മത്സരിക്കുന്ന നരുവാമൂട് സ്വദേശി ടി.ശശിയാണ് കോൺഗ്രസ് ക്യാംപിൽ വെല്ലുവിളി ഉയർത്തുന്നത്.