ഹേമന്ദ് കർക്കറെയുടെ മരണം, ബാബറി മസ്ജിദ് തകർക്കൽ എന്നിവയുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമർശങ്ങളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നടപടി.

ദില്ലി: ഭോപ്പാലിലെ ബിജെപി ലോക്സഭാ സ്ഥാനാർത്ഥി സാധ്വി പ്ര​ഗ്യ സിം​ഗ് താക്കൂറിന് വിലക്കേർപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ നിന്നും 72 മണിക്കൂർ നേരത്തെക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഹേമന്ദ് കർക്കറെയുടെ മരണം, ബാബറി മസ്ജിദ് തകർക്കൽ എന്നിവയുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമർശങ്ങളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നടപടി.

ഇത്തരം പരാമർശങ്ങൾ പ്രകോപനങ്ങൾ ഉണ്ടാക്കുന്നതാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാട്ടുന്നു. ഇന്ന് രാവിലെ ആറ് മണി മുതലാണ് വിലക്ക് ആരംഭിക്കുന്നത്. ഇതേ തുടർന്ന് 72 മണിക്കൂർ നേരത്തേക്ക് പൊതുയോ​ഗങ്ങൾ, റാലി, റോഡ്ഷോ, അഭിമുഖങ്ങൾ എന്നിവയിൽ പങ്കെടുക്കാൻ പ്ര​ഗ്യ സിം​ഗിന് സാധിക്കില്ല.

മുംബൈ ഭീകരാക്രണത്തിൽ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ ഹേമന്ദ് കർക്കറെ മരിച്ചത് തന്‍റെ ശാപം മൂലമാണെന്നായിരുന്നു പ്ര​ഗ്യ സിം​ഗിന്റെ അവകാശവാദം. തുടർന്ന് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികള്‍ വലിയ വിമ‌ർശനവുമായി രംഗത്തെത്തിയിരുന്നു. ഇതേതുടര്‍ന്ന് പ്രഗ്യ സിം​ഗ് തന്‍റെ നിലപാട് തിരുത്തിയിരുന്നു. 

അയോധ്യയിലെ ബാബരി മസ്ജിദ് തർക്കത്തിൽ തനിക്ക് അഭിമാനമുണ്ടെന്ന പ്ര​ഗ്യ സിം​ഗിന്റെ പരാമർശം ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഇതിനു പിന്നാലെ പ്രഗ്യാ സിം​ഗിനെതിരെ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് കാണിച്ച് പൊലീസ് കോസെടുത്തിരുന്നു.