ഭോപ്പാൽ: മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്‍റെ പരസ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരോധിച്ചു. 'ചൗക്കിദാര്‍ ചോര്‍ ഹേ' എന്ന പരസ്യമാണ് നിരോധിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ നടപടി സ്വീകരിച്ചത്.

ഇലക്ഷന്‍ പ്രചാരണത്തിനായി കോണ്‍ഗ്രസ് ഇവിടെ തയാറാക്കിയ പരസ്യചിത്രത്തിനാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിലക്കേര്‍പ്പെടുത്തിയത്. കോണ്‍ഗ്രസിന്‍റെ പരസ്യം പ്രധാനമമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതാണെന്ന് കാണിച്ചായിരുന്നു ബിജെപി സംസ്ഥാന നേതൃത്വം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇലക്ഷന്‍ കമ്മിഷന്‍ പരസ്യവുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ടത്.

റഫാല്‍ ഇടപാടും നോട്ട് നിരോധനവും ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസ് ഇറക്കിയ മുദ്രാവാക്യമാണ് ചൗക്കിദാര്‍ ചോര്‍ ഹെ ( കാവല്‍ക്കാരന്‍ കള്ളനാണ്) എന്നത്. തെരഞ്ഞെടുപ്പ് റാലികളില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിലൂടെ ചൗക്കിദാര്‍ ചോര്‍ ഹെ എന്ന മുദ്രാവാക്യം തരംഗമാകുകയും ചെയ്തു.