Asianet News MalayalamAsianet News Malayalam

പിണറായി പങ്കെടുക്കുന്ന ചടങ്ങിന് മീണയുടെ വിലക്ക്: മുഖ്യമന്ത്രിയുടെ ഓഫീസിന് അതൃപ്തി

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്‍റെ പേര് പറഞ്ഞ് ടിക്കാറാം മീണ ഉദ്ഘാടന ചടങ്ങ് വിലക്കിയതിൽ മുഖ്യമന്ത്രിയുടെ  ഓഫീസിനും അതൃപ്തിയുണ്ട്. 

election code of conduct  tikkaram meena stops pinarayi vijayan programme
Author
Trivandrum, First Published May 6, 2019, 11:11 AM IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങിന് വിലക്കേര്‍പ്പെടുത്തി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. തിരുവനന്തപുരത്ത് കൺസ്യൂമര്‍ ഫെഡ് സംഘടിപ്പിക്കുന്ന സ്റ്റുഡൻസ് മാര്‍ക്കറ്റിന്‍റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിനാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വിലക്ക് ഏര്‍പ്പെടുത്തിയത്. 

മുഖ്യമന്ത്രി ഉദ്ഘാടകനും സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനുമായി ഇന്ന് വൈകീട്ടാണ് ചടങ്ങ് നടക്കേണ്ടിയിരുന്നത്. സംസ്ഥാനത്താകെ 600 കേന്ദ്രങ്ങളിലും സ്റ്റുഡൻസ് മാര്‍ക്കറ്റുകൾ പ്രവര്‍ത്തിപ്പിക്കാനായിരുന്നു തീരുമാനം. ചടങ്ങിന് അനുമതി തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് മുഖ്യമന്ത്രിയുടെ  ഓഫീസ് കത്തയച്ചിരുന്നു. എന്നാൽ പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ അനുമതി നൽകാനാകില്ലെന്ന നിലപാടാണ് ടിക്കാറാം മീണ സ്വീകരിച്ചത്. 

വോട്ടെടുപ്പ് കഴിഞ്ഞെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഉദ്ഘാടന ചടങ്ങ് നടത്താനാകില്ലെന്നാണ് ടിക്കാറാം മീണയുടെ നിലപാട്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഈ നടപടിയിൽ മുഖ്യമന്ത്രിയുടെ ഓഫീസിനും അതൃപ്തിയുണ്ട്. 

കള്ളവോട്ട് അടക്കമുള്ള ആരോപണങ്ങളിലും കമ്മീഷൻ എടുത്ത നടപടികളിലും  തെരഞ്ഞെടുപ്പ് ഓഫീസറും സിപിഎമ്മും തമ്മിലുള്ള തര്‍ക്കം മുറുകിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി പങ്കെടുക്കേണ്ടിയിരുന്ന ഉദ്ഘാടന ചടങ്ങിന് വിലക്കേര്‍പ്പെടുത്തി ടിക്കാറാം മീണ രംഗത്തെത്തുന്നത് എന്നതും ശ്രദ്ധേയമാണ്.

സംഗതി വിവാദമായതോടെ നടപടി ക്രമങ്ങൾ പാലിക്കാതെയാണ് അനുമതി തേടിയതെന്ന വിശദീകരണവും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ വിശദീകരിക്കുന്നുണ്ട്. കൺസ്യൂമര്‍ ഫെഡ് എംഡിയാണ് അനുമതി തേടി അപേക്ഷ സമര്‍പ്പിച്ചത്. എന്നാൽ സഹകരണ വകുപ്പ് സെക്രട്ടറിയോ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതി വഴിയോ പെരുമാറ്റ ചട്ടത്തിൽ ഇളവ് ചോദിച്ചാൽ അനുവദിക്കാമായിരുന്നു എന്നും തെരഞ്ഞെടുപ്പ് ഓഫീസര്‍ വിശദീകരിക്കുന്നുണ്ട്. ചട്ടത്തിൽ ഇളവ് ആവശ്യപ്പെട്ട് വീണ്ടും കമ്മീഷനെ സമീപിക്കാനാണ് മുഖ്യമന്ത്രിയുടേയും സഹകരണ വകുപ്പ് മന്ത്രിയുടേയും ഓഫീസിന്‍റെ തീരുമാനം. 

Follow Us:
Download App:
  • android
  • ios