Asianet News MalayalamAsianet News Malayalam

നമോ ടിവിയിലെ ഉള്ളടക്കത്തിന് മുൻകൂർ അനുമതി വേണം; നിയന്ത്രണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

നമോ ടിവിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിയന്ത്രണം. ചാനലിൽ രാഷ്ട്രീയ ഉള്ളടക്കം പാടില്ലെന്നാണ് നിർദേശം. ഇവ ഉടൻ നീക്കം ചെയ്യാനും തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു. 

Election Commission controlled NaMo TV
Author
Delhi, First Published Apr 12, 2019, 7:08 AM IST

ദില്ലി: നരേന്ദ്രമോദിയുടെ പ്രസംഗങ്ങളും തെരഞ്ഞെടുപ്പ് റാലികളും സംപ്രേഷണം ചെയ്യാൻ ആരംഭിച്ച നമോ ടിവിയ്ക്ക് നിയന്ത്രണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. ചാനലിൽ രാഷ്ട്രീയ ഉള്ളടക്കം പാടില്ലെന്നാണ് നിർദേശം. ഇവ ഉടൻ നീക്കം ചെയ്യാനും കമ്മീഷൻ ഉത്തരവിട്ടു. 

നമോ ടിവിയിലെ ഉള്ളടക്കത്തിന് മുൻകൂർ അനുമതി നിർബന്ധമാണെന്നും കമ്മീഷൻ നിര്‍ദ്ദേശിച്ചു. ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയുള്ള രാഷ്ട്രീയ പ്രചാരണത്തിന് മുൻകൂർ അനുമതി വേണമെന്നാണ് ചട്ടം. നമോ ടി വി ചാനൽ ഈ അനുമതി നേടിയിട്ടുമില്ല. ഇതാണ് ചാനലിന് നിയന്ത്രണം ഏർപ്പെടുത്താൻ കാരണം.

നമോ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികളുടെ ഉള്ളടക്കം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. പരിപാടികളുടെ ഉള്ളടക്കങ്ങൾ പ്രാദേശിക മാധ്യമ ചട്ടങ്ങള്‍ അനുസരിക്കുന്നവയാണോയെന്നും പരിപാടികൾക്ക് നിരീക്ഷക സമിതിയുടെ അനുമതി ലഭിച്ചിട്ടിട്ടുണ്ടോയെന്നും പരിശോധിക്കണമെന്നായിരുന്നു നിർദ്ദേശം. 

നമോ ടിവി എന്ന ചാനൽ തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നതാണെന്ന് കാണിച്ച് കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടികൾ നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. ഇതിനെതുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി. നമോ ടിവി മുഴുവൻ സമയ ടെലിവിഷൻ ചാനൽ അല്ലെന്നും, നാപ്റ്റോൾ പോലെയുള്ള ഒരു പരസ്യ പ്ലാറ്റ്‍ഫോം മാത്രമാണെന്നുമായിരുന്നു ഐ&ബി മന്ത്രാലയത്തിന്‍റെ വിശദീകരണം.  
 
ഇതിന് പിന്നാലെയാണ് ചാനലിന്‍റെ ഉള്ളടക്കം പരിശോധിക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. രാഷ്ട്രീയലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പരിപാടികളാണ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്നത് എന്നാണ് നമോ ടിവിക്കെതിരെയുള്ള പ്രധാന ആരോപണം. മാർച്ച് 31-നാണ് നമോ ടിവി സംപ്രേഷണം ആരംഭിച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിന് ശേഷമാണ് ചാനൽ തുടങ്ങിയത് തന്നെ. മാർച്ച് 10-നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത്.  

Follow Us:
Download App:
  • android
  • ios