ലഭ്യമായ കണക്കുകള്‍ പ്രകാരം 607 കോടിയാണ് പണമായി പിടിച്ചെടുത്തിട്ടുള്ളത്.

ദില്ലി: തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ അനധികൃതമായി കൈവശം സൂക്ഷിച്ചിരുന്ന വസ്തുക്കള്‍ കണ്ടുകെട്ടുന്ന നടപടി ശക്തമാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. പിടിച്ചെടുത്ത വസ്തുക്കളുടെ വിശദമായ കണക്കുകളും കമ്മീഷന്‍ വെളിപ്പെടുത്തി. വ്യാഴാഴ്ച വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടത്.

 ലഭ്യമായ കണക്കുകള്‍ പ്രകാരം 607 കോടിയാണ് പണമായി പിടിച്ചെടുത്തിട്ടുള്ളത്. 198 കോടി രൂപയുടെ മദ്യം, 1091 കോടി വിലവരുന്ന ലഹരി വസ്തുക്കള്‍, 486 കോടിയുടെ അമൂല്യ രത്നങ്ങള്‍ എന്നിവയ്ക്ക് പുറമെ 48 കോടിയുടെ മറ്റ് വസ്തുക്കളും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിടിച്ചെടുത്തു. ആകെ 2626 കോടിയുടെ അനധികൃത വസ്തുക്കളാണ് ഇതുവരെ പിടിച്ചെടുത്തത്. 

തെരഞ്ഞെടുപ്പിന് മുമ്പായി പണവും മറ്റും വാഗ്ദാനം ചെയ്ത് വോട്ട് പിടിക്കുന്നതിനും വന്‍ തുക കൈക്കൂലി നല്‍കിയുള്ള രാഷ്ട്രീയക്കളികള്‍ക്കും കടിഞ്ഞാണിടാനാണ് പരിശോധനകള്‍ ശക്തമാക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. 

രാജ്യത്തെ എല്ലാ മണ്ഡലങ്ങളിലും സമാധാനപരമായി തെരഞ്ഞെടുപ്പ് നടത്താന്‍ വേണ്ട നടപടികള്‍ കര്‍ശനമാക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.