തെരഞ്ഞെടുപ്പിന് ശേഷം തിരികെ'ഉപകാരം' ചെയ്യേണ്ട വോട്ടര്‍മാരെ 'എബിസിഡി' എന്ന് തരംതിരിച്ചതാണ് നടപടിക്ക് ആധാരം.
ദില്ലി: ഉത്തര്‍പ്രദേശിലെ വോട്ടര്‍മാരെ തരംതരിച്ച് നടത്തിയ വിവാദ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി മനേകാ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ താക്കീത്. മനേകാ ഗാന്ധി നടത്തിയ പരാമര്‍ശം പെരുമാറ്റ ചട്ടലംഘനമാണെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി.
തെരഞ്ഞെടുപ്പിന് ശേഷം തിരികെ'ഉപകാരം' ചെയ്യേണ്ട വോട്ടര്‍മാരെ 'എബിസിഡി' എന്ന് തരംതിരിച്ചതാണ് നടപടിക്ക് ആധാരം. 80 ശതമാനം വോട്ടുകളും ബിജെപിക്ക് അനുകൂലമായ ഗ്രാമങ്ങളെ എ കാറ്റഗറിയിലും 60 ശതമാനം അനുകൂലമായാല്‍ ബി, 50 ശതമാനം അനുകൂലമായാല്‍സി 30 ശതമാനത്തില്‍ കുറഞ്ഞാല്‍ ഡി എന്നിങ്ങനെയാണ് മനേക ഗാന്ധി തരംതിരിച്ചത്. വിജയിച്ചാല്‍ തന്‍റെ വികസന പ്രവര്‍ത്തനം ഈ കണക്ക് അടിസ്ഥാനപ്പെടുത്തിയായിരിക്കുമെന്നും അവര്‍ പറഞ്ഞു.
നേരത്തെ തെരഞ്ഞെടുപ്പ് യോഗത്തില്‍ മുസ്ലിങ്ങളെ ഭീഷണിപ്പെടുത്തുന്ന തരത്തില്‍ സംസാരിച്ചിരുന്നു. മുസ്ലിങ്ങള്‍ തനിക്ക് വോട്ട് ചെയ്തിട്ടില്ലെങ്കിലും തെരഞ്ഞെടുപ്പിന് ശേഷം പരിഗണിക്കില്ലെന്ന തരത്തിലായിരുന്നു പ്രസംഗം. ഇതേ തുടര്‍ന്ന് മനേകാ ഗാന്ധിയെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍നിന്ന് രണ്ട് ദിവസത്തേക്ക് വിലക്കിയിരുന്നു.
