മുഖ്യമന്ത്രി പിണറായി വിജയന്‍ ചുക്കാന്‍ പിടിച്ച പ്രചാരണത്തിനൊടുവിലേറ്റ ദയനീയ പരാജയം പിണറായി വിരുദ്ധ വികാരം പ്രവര്‍ത്തകരില്‍ ഉണ്ടാകാന്‍ കാരണമായിട്ടുണ്ടെന്നാണ്‌ സൂചന. ഇതോട്‌ ചേര്‍ത്താണ്‌ മുതിര്‍ന്ന നേതാവ്‌ വി എസ്‌ അച്യുതാനന്ദനെ പ്രചാരണരംഗത്ത്‌ നിന്ന്‌ ഒഴിവാക്കിയത്‌ പരാജയകാരണമായെന്ന്‌ വിലയിരുത്തലുകള്‍ വരുന്നതും. 

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടിവന്നതിന്‌ ഒരു കാരണം പ്രചാരണ രംഗത്തെ വിഎസ്‌ അച്യുതാനന്ദന്റെ അഭാവമായിരുന്നെന്ന ചര്‍ച്ചകള്‍ കേരളത്തില്‍ സജീവമാകുന്നു. സിപിഎമ്മിന്റെ സാധാരണ പ്രവര്‍ത്തകര്‍ക്കിടയിലാണ്‌ വിഎസ്‌ ഫാക്ടറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതെന്നാണ്‌ റിപ്പോര്‍ട്ട്‌.

കേരളത്തില്‍ 19 ലോക്‌സഭാ മണ്ഡലങ്ങളിലും ഇടതുപക്ഷം പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്‌ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക്‌ കനത്ത ആഘാതമാണ്‌ സൃഷ്ടിച്ചത്‌. മുഖ്യമന്ത്രി പിണറായി വിജയന്‍ ചുക്കാന്‍ പിടിച്ച പ്രചാരണത്തിനൊടുവിലേറ്റ ദയനീയ പരാജയം പിണറായി വിരുദ്ധ വികാരം പ്രവര്‍ത്തകരില്‍ ഉണ്ടാകാന്‍ കാരണമായിട്ടുണ്ടെന്നാണ്‌ സൂചന. ഇതോട്‌ ചേര്‍ത്താണ്‌ മുതിര്‍ന്ന നേതാവ്‌ വി എസ്‌ അച്യുതാനന്ദനെ പ്രചാരണരംഗത്ത്‌ നിന്ന്‌ ഒഴിവാക്കിയത്‌ പരാജയകാരണമായെന്ന്‌ വിലയിരുത്തലുകള്‍ വരുന്നതും.

പോസ്‌റ്ററുകളിലോ ഹോര്‍ഡിംഗുകളിലോ ഒന്നും ഇക്കുറി വിഎസിന്റെ ചിത്രം ഉണ്ടായിരുന്നില്ല. സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനുമാണ്‌ കൂറ്റന്‍ ഹോര്‍ഡിംഗുകളിലെല്ലാം സ്ഥാനം പിടിച്ചത്‌. വര്‍ഗീയത വീഴും വികസനം വാഴും എന്ന ക്യാപ്‌ഷനോടെ അവതരിപ്പിച്ച പ്രചാരണപരസ്യങ്ങളിലെല്ലാം തന്നെ മുഖ്യമന്ത്രിയുടെ മേല്‍ക്കൈ വ്യക്തമായിരുന്നു. ജനകീയവികാരം മാനിച്ചെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ പ്രചാരണ മുഖമായി വിഎസിനെ പാര്‍ട്ടി അവതരിപ്പിച്ചിരുന്നു. ഇക്കുറി അതും ഉണ്ടായില്ല. ഇത്‌ സാധാരണ അണികളില്‍ എതിര്‍പ്പിന്‌ ഇടയാക്കിയെന്നാണ്‌ പാര്‍ട്ടി പ്രാദേശികവൃത്തങ്ങളില്‍ നിന്ന്‌ ലഭിക്കുന്ന സൂചന.

തെരഞ്ഞെടുപ്പ്‌ ഫലം വന്നതിന്‌ പിന്നാലെ വിഎസ്‌ അച്യുതാനന്ദന്‍ പ്രതികരിച്ചത്‌ ഇടതുപക്ഷത്തിന്റെ അടിത്തറ കെട്ടിപ്പടുക്കേണ്ടതെങ്ങനെ എന്ന കാര്യത്തില്‍ പുനര്‍വിചിന്തനം നടത്തേണ്ടതുണ്ട്‌ എന്നാണ്‌. ജനങ്ങളോടൊപ്പം നിന്ന്‌, ജനങ്ങളെ പുറത്തുനിര്‍ത്താതെ, കോര്‍പ്പറേറ്റ്‌ വികസന മാതൃകകളെ പുറത്തുനിര്‍ത്തി, കര്‍ഷകരെയും തൊഴിലാളികളെയും പരിസ്ഥിതിയെയും ഭൂമിയെയും വിശ്വാസത്തിലെടുത്ത്‌ മുന്നോട്ട്‌ പോകുകയല്ലാതെ ഇടതുപക്ഷത്തിന്‌ വേറെ മാര്‍ഗങ്ങളില്ല. അതാണ്‌ ഇടതുപക്ഷ രാഷ്ട്രീയമെന്നും വിഎസ്‌ ഓര്‍മ്മിപ്പിച്ചിരുന്നു.