പൊന്നാനി: തുടര്‍ച്ചയായ വിവാദങ്ങളാണ് പൊന്നാനി മണ്ഡലത്തെ ഇത്തവണ ശ്രദ്ധേയമാക്കിയത്. പ്രചാരണത്തിന്‍റെ അവസാനത്തിലെത്തിയതോടെ ഇരുമുന്നണികളും പൊന്നാനിയില്‍ ഒരു പോലെ പ്രതീക്ഷയിലാണ്.

നിരവധി ആരോപണങ്ങള്‍ക്കും കേസുകള്‍ക്കും ഇടയില്‍ പി വി അൻവര്‍ എംഎല്‍എയെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാക്കിയതോടെയാണ് ഇക്കുറി പൊന്നാനി ശ്രദ്ധേയമായത്. പ്രചാരണത്തിന്‍റെ തുടക്കം മുതല്‍ വിവാദങ്ങളും അൻവറിനെ പിന്തുടര്‍ന്നു. യുഡിഎഫുമായി നേര്‍ക്കുനേര്‍ മത്സരിക്കുന്ന മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിക്ക് ഒരു കൈ സഹായത്തിന് തന്നെ വിജയിപ്പിക്കണമെന്ന പ്രസ്താവന മുതല്‍ പൊന്നാനിയില്‍ തോറ്റാല്‍ നിലമ്പൂരിലെ എംഎല്‍എ സ്ഥാനം രാജിവക്കും എന്നത് വരെയുള്ള അൻവറിന്‍റെ ഒട്ടുമിക്ക പ്രസംഗങ്ങളും പല തരത്തിലുള്ള വിവാദത്തിലാണ് അവസാനിച്ചത്. ഇതിനിടയിലും പരമ്പരാഗത ഇടതു വോട്ടുകള്‍ക്കു പുറമേ കോൺഗ്രസ് വോട്ടുകളില്‍ കൂടി കണ്ണുവച്ചാണ് അവസാന ഘട്ടത്തില്‍ പി വി അൻവര്‍ പ്രചാരണം ശക്തമാക്കിയിട്ടുള്ളത്.

കഴിഞ്ഞ വര്‍ഷം കിട്ടിയ ഭൂരിപക്ഷത്തിന്‍റെ മൂന്നിരട്ടിയാണ് അവസാന ഘട്ട പ്രചാരണത്തില്‍ ഇ ടി മുഹമ്മദ് ബഷീര്‍ ഉറപ്പിച്ചിരിക്കുന്നത്.എല്ലാ സഹചര്യങ്ങളും ഇത്രക്കും അനുകൂലമായ ഒരു തെരെഞ്ഞെടുപ്പ് ഓര്‍മ്മയിലെല്ലെന്നാണ് യുഡിഎഫ് നേതാക്കളുടെ അവകാശ വാദം.

മണ്ഡലത്തില്‍ നിര്‍ണ്ണായക ശക്തിയല്ലെങ്കിലും എല്ലാ അനുകൂല ഘടകങ്ങളും കൂട്ടിയിണക്കി ശക്തി തെളിയിക്കാൻ ബിജെപിയും പൊന്നാനിയില്‍ പ്രചാരണത്തില്‍ ഇരുമുന്നണികള്‍ക്കും ഒപ്പം തുടക്കം മുതല്‍ അവസാനം വരെയുണ്ടായിട്ടുണ്ട്.