എസ്പിജി (സ്പെഷ്യൽ പ്രോട്ടക്ഷൻ ​ഗ്രൂപ്പ്) സംരക്ഷണമുള്ളവരോട് പെരുമാറേണ്ട രീതി സംബന്ധിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാർ​ഗനിർദ്ദേശങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 

ഭുവനേശ്വർ: പ്രധാനാമന്ത്രി നരേന്ദ്രമോദിയുടെ ഹെലികോപ്റ്ററിൽ പരിശോധന നടത്തിയ തെരഞ്ഞെടുപ്പ് നീരീഷകനെ സസ്പെന്റ് ചെയ്തു. ഒഡീഷയില്‍ ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരീഷകനായി നിയോ​ഗിച്ചിരുന്ന മുഹമ്മദ് മുഹ്‍സിനെയാണ് തെര‍ഞ്ഞെടുപ്പ് കമ്മീഷൻ സസ്പെൻഡ് ചെയ്തത്.

എസ്പിജി (സ്പെഷ്യൽ പ്രോട്ടക്ഷൻ ​ഗ്രൂപ്പ്) സംരക്ഷണമുള്ളവരോട് പെരുമാറേണ്ട രീതി സംബന്ധിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാർ​ഗനിർദ്ദേശങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഒഡീഷയിലെ സംബാല്‍പൂരിലാണ് സംഭവം നടന്നത്. മോദി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററില്‍ ഫ്‌ളൈയിംഗ് സ്‌ക്വാഡ് അംഗങ്ങള്‍ പരിശോധന നടത്തിയതിനെ തുടര്‍ന്നാണു നടപടിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിൽ പറയുന്നു. എസ്പിജി സംരക്ഷണമുള്ളവരെ പരിശോധനയ്ക്ക് വിധേയമാക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്നും വിശദീകരണമുണ്ട്. ഉദ്യോഗസ്ഥന്റെ നടപടി മൂലം പ്രധാനമന്ത്രിക്കു മിനിറ്റുകളോളം കാത്തിരിക്കേണ്ടി വന്നെന്നും കമ്മീഷന്‍ പറയുന്നു.

കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹെലികോപ്റ്ററിൽ കൊണ്ടുവന്ന പെട്ടിയെക്കുറിച്ച് വിവാദങ്ങൾ ഉയർന്നതിന് പിന്നാലെയായിരുന്നു പരിശോധന. സ്വകാര്യ ഇനോവയില്‍ കയറ്റിക്കൊണ്ടുപോയ പെട്ടിയില്‍ എന്താണെന്നുള്ള അന്വേഷണം വേണമെന്ന് കോൺ​ഗ്രസ് ആവശ്യപ്പെട്ടിരുന്നു.