വിനോദയാത്രകള്‍ പോലെ പ്രചാരണറാലികള്‍ നടത്തി തെരഞ്ഞെടുപ്പിന് ശേഷം വിദേശത്തേക്ക് പോകുന്നവരാണ് ഗാന്ധികുടുംബത്തിലെ അംഗങ്ങളെന്ന് ബിജെപി 

ലഖ്‌നൗ: ഓരോ തെരഞ്ഞെടുപ്പും ഗാന്ധി കുടുംബത്തിന് പിക്‌നിക് പോലെയാണെന്ന് ബിജെപിയുടെ പരിഹാസം. വിനോദയാത്രകള്‍ പോലെ പ്രചാരണറാലികള്‍ നടത്തി തെരഞ്ഞെടുപ്പിന് ശേഷം വിദേശത്തേക്ക് പോകുന്നവരാണ് ഗാന്ധികുടുംബത്തിലെ അംഗങ്ങളെന്നും ബിജെപി നേതാവും ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രിയുമായ ദിനേശ് ശര്‍മ്മ അഭിപ്രായപ്പെട്ടു.

ഗാന്ധികുടുംബത്തിന് ഓരോ തെരഞ്ഞെടുപ്പും പിക്‌നിക് പോലെയാണ്. അവര്‍ വരുന്നു സ്ഥലങ്ങള്‍ കാണുന്നു, ജനങ്ങളോട് വാചാടോപം നടത്തുന്നു. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ സ്വിറ്റ്‌സര്‍ലന്‍ഡിലേക്കോ ഇറ്റലിയിലേക്കോ പോകുന്നെന്നും ദിനേശ് ശര്‍മ്മ പറഞ്ഞു.

പ്രിയങ്ക ഗാന്ധി വദ്രയുടെ ഗംഗാ യാത്രയുടെ പശ്ചാത്തലത്തിലായിരുന്നു ദിനേശ് ശര്‍മ്മയുടെ പരാമര്‍ശം. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ 'മാന്ത്രികനേതൃത്വം' എന്ന വിശേഷണത്തോടെ പ്രിയങ്കയെ കളത്തിലിറക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. എന്നാല്‍, മുന്‍ തെരഞ്ഞെടുപ്പുകളിലും പ്രിയങ്ക പ്രചാരണത്തിനെത്തിയിട്ടുണ്ടെന്നും അന്നൊക്കെ കോണ്‍ഗ്രസിന് പരാജയമായിരുന്നു ഫലമെന്നും അദ്ദേഹം പരിഹസിച്ചു.